തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കേറ്റ കനത്ത പരാജയത്തിൽ സിപിഎമ്മിനെതിരേ വിമർശനവുമായി സിപിഐ എക്സിക്യൂട്ടീവ്. ഭരണ വിരുദ്ധ വികാരവും സാമുദായിക ചേരിതിരിവും പ്രതികൂലമായി ബാധിച്ചു. ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.
പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായി. സാമുദായിക ചേരിതിരിവ് ഉണ്ടായത് ബിജെപിക്ക് വോട്ട് കൂടാന്‍ കാരണമായി. സർക്കാരിന്റെ നയവും നിലപാടും ജനങ്ങളിൽ ഭരണ വിരുദ്ധ വികാരമുണ്ടാക്കി.
സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.
ഇന്നും നാളെയും സംസ്ഥാന കൗൺസിൽ യോഗം ചേരും. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും ഇടതുമുന്നണി തോറ്റിരുന്നു.
അതേസമയം എസ്എഫ്ഐക്കെതിരേ വിമര്‍ശനം നടത്തിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എക്സിക്യൂട്ടീവ് പിന്തുണ പ്രഖ്യാപിച്ചു. ശരിയായ കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചാല്‍ ഇടതുപക്ഷ ഐക്യത്തിന് കോട്ടമല്ല ഗുണമാണ് ഉണ്ടാകുകയെന്നും എക്സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉന്നയിക്കേണ്ടിയിരുന്നുവെന്നും അഭിപ്രായമുയർന്നു.