കോട്ടയം: റബര്‍ കര്‍ഷകരുടെ പ്രതീക്ഷയും സാധ്യതയുമാണ് 23ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ്. റബര്‍ ആവര്‍ത്തന കൃഷി സബ്സിഡി, കാര്‍ഷികോത്പന്ന സഹായം, ആര്‍പിഎസുകള്‍ക്ക് ഫണ്ട് തുടങ്ങിയ ഒട്ടേറെ പ്രതീക്ഷകളാണ് കര്‍ഷകര്‍ക്കുള്ളത്. റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ഏറെക്കാലമായി കര്‍ഷകര്‍ക്കുണ്ട്.
ഒന്നര പതിറ്റാണ്ടായി ബജറ്റിലെ റബര്‍ ബോര്‍ഡ് വിഹിതം പരിമിതമാണ്. ശമ്പളവും ഓഫീസ് ചെലവുകളും കഴിഞ്ഞാല്‍ റബര്‍ ഗവേഷണത്തിനും കൃഷി പരിശീലനത്തിനുമുള്ള തുക പോലും മിച്ചമുണ്ടാകാറില്ല.
ഈ സാഹചര്യത്തില്‍ കൃഷിവ്യാപനത്തിനും കര്‍ഷക ക്ഷേമത്തിനും തുക വകയിരുത്താന്‍ സാധിക്കുന്നില്ല. റബര്‍ കര്‍ഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള പദ്ധതികളും നിലച്ചുപോയി.
ആവര്‍ത്തന കൃഷി സബ്സിഡി ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും വിലസ്ഥിരതാ പദ്ധതിയില്‍ കേന്ദ്രവിഹിതം അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ നിര്‍ദേശിക്കുന്നു. നിലവില്‍ ആവര്‍ത്തന കൃഷി സബ്സിഡി ഹെക്ടറിന് 35,000 രൂപയാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൃഷി വ്യാപനത്തിന് നല്കുന്ന പരിഗണന കേരളത്തില്‍ റബര്‍ ബോര്‍ഡ് നല്‍കുന്നില്ല. കേരളത്തില്‍ റബര്‍ കൃഷിയും ഉത്പാദനവും ഓരോ വര്‍ഷവും കുറഞ്ഞുവരികയും ചെയ്യുന്നു.