അടിമാലി: വാടകവീടെടുത്ത് മയക്കുമരുന്നുകച്ചവടം നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ കെ.രാജേന്ദ്രനും പാർട്ടിയും ചേർന്ന് രാജകുമാരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 10 ഗ്രാമിൽ അധികം മെത്താംഫിറ്റാമിനും 17.3 ഗ്രാം ഹാശിഷ് ഓയിലുമായി 5 യുവാക്കളെ അറസ്റ്റ് ചെയ്തത്.
ഇവർക്ക് വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കൂട്ടുപ്രതിയായ രാജകുമാരി കളച്ചിറ സ്വദേശി അനന്തു പി.ആർ എന്നയാൾക്കുള്ള തെരച്ചിൽ ശക്തമാക്കി.കൊച്ചി സ്വദേശികളായ പുതിയനികത്തിൽ വീട്ടിൽ അജിത്ത് ബാബു(25), കൈതവളപ്പിൽ ജോൺസൻ മകൻ ജോമോൻ കെ ജെ (24), തിട്ടേത്തറ വീട്ടിൽ ഷാജി മകൻ ആശിഷ് റ്റി എസ്സ് (22) , കാരോത്ത് വീട്ടിൽ പ്രദീപ് മകൻ അഖിൽ പ്രദീപ് (26), കല്ലുമഠത്തിൽ വീട്ടിൽ ആന്റണി രാജു മകൻ ആശിഷ് കെ എ (27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനന്തു എത്തിച്ചു കൊടുക്കുന്ന മയക്കുമരുന്ന് രാജകുമാരി ,പൂപ്പാറ എന്നിവിടങ്ങളിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു പതിവ്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് എൻ. കെ, പ്രിവന്റീവ് ഓഫീസർ ബിജു മാത്യു, സിവിഎക്സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം എന്നിവരും റെയ്ഡിൽ പങ്കെടുത്തു.