ബംഗുളൂരു: കർണാടകയിൽനിന്നു തുടർച്ചയായി ഏഴു തവണ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ദളിത് എംപിയായ തന്നെ കേന്ദ്രമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ലെന്ന പരാതിയുമായി ബിജെപി എംപി രമേഷ് ജിഗജിനാഗി.
മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും ആഴത്തിൽ വേദനിക്കുന്നുവെന്നും ബിജാപുർ എംപിയായ അദ്ദേഹം പറഞ്ഞു. ഉന്നത ജാതിക്കാരൊക്കെ കാബിനറ്റ് മന്ത്രിമാരായി. ബിജെപി ദളിത് വിരുദ്ധമാണെന്നു പലരും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. കേന്ദ്രമന്ത്രിയാകാൻ ജനങ്ങളിൽനിന്നു തനിക്കു സമ്മർദ്ദമുണ്ടെന്നും ജിഗജിനാഗി പറഞ്ഞു.
നാലു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഒരു പാർലമെന്റ് തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജാപുർ പാർലമെന്റ് മണ്ഡലത്തിൽനിന്ന് 77,229 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദക്ഷിണേന്ത്യയിൽനിന്നുള്ള ബിജെപിയുടെ ഏക ദളിത് എംപിയാണ് രമേഷ് ജിഗജിനാഗി.