ചാത്തന്നൂർ: അതിവേഗതയിൽ സുരക്ഷിതമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കെഎസ്ആർടിസി ബൈപ്പാസ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ ആരംഭിക്കും. തിരക്കേറിയ നഗരങ്ങളിൽ പ്രവേശിപ്പിച്ച് ഗതാഗതക്കുരുക്കുകളിൽപ്പെട്ട് സമയനഷ്ടം സംഭവിക്കാതിരിക്കാൻ, നഗരങ്ങളിൽ പ്രവേശിക്കാതെയായിരിക്കും സർവീസുകൾ നടത്തുക.
നഗരാതിർത്തികളിലെ ബൈപ്പാസു കൾ വഴിയായിരിക്കും ബസ് സർവീസ് കടന്നു പോകുന്നത്. നഗരാതിർത്തികളിലായിരിക്കും ഈ സർവീസുകൾക്ക് സ്റ്റോപ്പ് നിശ്ചയിക്കുന്നത്. എന്നാൽ അത്യാവശ്യം ചില ബസ് സ്റ്റേഷനുകളിൽ കയറുകയും ചെയ്യും.
ദേശീയ പാതയോരത്തോ സംസ്ഥാന പാതയോരത്തോ ഉള്ള ബസ് സ്റ്റേഷനുകളിലായിരിക്കും കയറുക. ഒരാഴ്ച മുമ്പ് ഇത്തരമൊരു സർവീസ് എറണാകുളം-കോയമ്പത്തൂർ റൂട്ടിൽ തുടങ്ങിയിരുന്നു.
ഈ സർവീസ് അങ്കമാലി , തൃശൂർ, പാലക്കാട് എന്നീ മൂന്ന് ബസ് സ്റ്റേഷനുകളിൽ മാത്രമാണ് കയറുന്നത്. മറ്റെല്ലാ സ്ഥലത്തും ബൈപ്പാസിലൂടെ കടന്നു പോവുകയും നഗരാതിർത്തികളിൽ പ്രധാനസ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും.
ഈ ബൈപ്പാസ് സർവീസിന് യാത്രക്കാരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് കുമാർ പറഞ്ഞു. കൂടുതൽ സർവീസുകൾ ഉടൻ തന്നെ ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം.
പ്രദീപ് ചാത്തന്നൂർ