കോട്ടയം: ദിവസം ഒന്നുവീതം ആയിരം ദിവസങ്ങളില്‍ നിരഞ്ജന ആയിരം ചിത്രങ്ങള്‍ വരച്ചു. ഓരോ ചിത്രവും ആതാത് ദിവസം സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങളായി അയയ്ക്കുകയും ചെയ്തു. തൃക്കൊടിത്താനം ഗവണ്മെന്റ് എച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാര്‍ഥി കെ. നിരഞ്ജനയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പടങ്ങള്‍ക്കൊപ്പം ആശംസയും ദിവസത്തിന്റെ പ്രത്യേകതയും മെസേജുകളായി അയ്ക്കുന്നതാണ് ശീലം. വിനോദവും വിജ്ഞാനവും നിറഞ്ഞ പടംവര ഇന്ന് ആയിരം ദിവസത്തിലെത്തുകയാണ്. ഒരു ദിവസം പോലും നിരഞ്ജന വരയും പങ്കുവയ്ക്കലും മുടക്കിയിട്ടില്ല. ചിത്രരചന പഠിക്കാതെയാണ് നിരഞ്ജന മനോഹര ചിതങ്ങള്‍ വരച്ചു കൂട്ടുന്നത്.
ചിത്രരചനയുടെ തുടക്കം കോവിഡ് കാലത്താണ്. സ്കൂളിന് ഏറെക്കാലം അവധി. അക്കാലത്ത് തൃക്കൊടിത്താനം ഗവണ്മെന്റ് എല്‍പി സ്കൂളിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അധ്യാപകര്‍ അവസരമൊരുക്കി. അങ്ങനെ ചിത്രങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചായിരുന്നു തുടക്കം.
ക്രയോണ്‍സും പെന്‍സിലും ഉപയോഗിച്ചായിരുന്നു തുടക്കം. ചിത്രങ്ങള്‍ കണ്ടതോടെ കൂട്ടുകാരും അധ്യാപകരും അഭിനന്ദിച്ചു തുടങ്ങി. നിരഞ്ജനയുടെ അമ്മ തൃക്കൊടിത്താനം ഗവ.എച്ച്എസ്എസ് അധ്യാപികയുമായ ജലജയും വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറായ അച്ഛന് കമലാസനനും സഹോദരന് രോഹിതും പ്രോത്സാഹനം നല്കി. ശിശുദിനം, ഓണം, ക്രിസ്മസ്, വിഷു തുടങ്ങി ദിവസങ്ങളുടെ പ്രത്യേകതയുമായി ചേര്‍ന്ന ചിത്രങ്ങളാണ് വരയ്ക്കുന്നത്.
മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. എ.പി.ജെ. അബ്ദുള്‍കലാം തുടങ്ങിയവരുടെയും ചിത്രങ്ങളുമുണ്ട്. പക്ഷികള്‍, മൃഗങ്ങള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, പ്രകൃതിഭംഗി, വെള്ളച്ചാട്ടം, ചെടികളും പൂക്കളും ഇങ്ങനെ നീളുകയാണ് വിഷയങ്ങള്‍. ജന്മദിനം, കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളില്‍ നിരഞ്ജനയുടെ ചിത്രങ്ങള്‍ വാങ്ങി പലരും സമ്മാനിക്കാറുണ്ട്. ആയിരം എന്ന അക്കത്തിലെഴുതിയ ചിത്രമാണ് ഇന്ന് വരയ്ക്കുന്നത്.
ജിബിന്‍ കുര്യന്