പാലാ: ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞിട്ട് നാളുകളേറെയായെങ്കിലും നന്നാക്കാന്‍ നടപടിയില്ല. നൂറുകണക്കിനാളുകള്‍ ദിനംപ്രതി ഉപയോഗിക്കുന്ന ബസ് സ്റ്റാന്‍ഡിനാണ് ഈ ദുര്‍ഗതി. ടാറിംഗ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
മഴയുള്ള ദിവസങ്ങളില്‍ ടാറിംഗ് തകര്‍ന്ന ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതു പതിവാണ്. ബസ് കടന്നുപോകുമ്പോള്‍ മലിന ജലമാണ് യാത്രക്കാരുടെ ദേഹത്തേക്കും വസ്ത്രങ്ങളിലേക്കും തെറിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ഇരിക്കുന്ന ഷെഡുകളിലൊന്ന് ഏതു സമയത്തും നിലം പൊത്താവുന്ന നിലയിലാണ്.
കാലപ്പഴക്കത്താല്‍ കമ്പികള്‍ തുരുമ്പെടുത്ത് ഒടിഞ്ഞു വീഴാറായ നിലയിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ ഇവിടെ നില്ക്കാന് യാത്രക്കാര്‍ ഭയപ്പെടുകയാണ്. എപ്പോഴാണ് കാത്തിരിപ്പുകേന്ദ്രം തലയില്‍ വീ ഴുകയെന്ന പേടിയോടെയാണ് യാത്രക്കാര്‍ ഇവിടെ ഇരിക്കുന്നത്.
ഇരിക്കുന്ന കമ്പികള്‍ പലതും അപ്രത്യക്ഷമായതോടെ ഒറ്റക്കമ്പിയില്‍ ഇരിക്കേണ്ട ഗതികേടും യാത്രക്കാര്‍ക്കുണ്ട്. ബസ് സ്റ്റാന്‍ഡിനു നടുവിലെ ഷെഡിന്റെ ഒരു ഭാഗത്തെ സ്റ്റീല്‍ കമ്പികള്‍ അപ്രത്യക്ഷമായിട്ടു നാളുകളായി.
തകര്‍ന്ന ഭാഗങ്ങള്‍ ടാര്‍ ചെയ്യാനായി മൂന്നു ലക്ഷം രൂപ അനുവദിക്കുകയും നാലു തവണ ടെന്‍ഡര്‍ വിളിക്കുകയും ചെയ്തെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറായി ല്ലെന്ന് നഗരസഭാധികൃതര്‍ പറയുന്നു.
ബസ് സ്റ്റാന്‍ഡിന്റെ തകര്‍ച്ച അടിയന്തരമായി പരിഹരിക്കാനും യാത്രക്കാര്‍ക്ക് ഇരിപ്പിടങ്ങള്‍ നിര്‍മിച്ചു നല്‍കാനും നഗരസഭാധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.