തിരുവനന്തപുരം: സിപിഎം, സിപിഐ നേതാക്കൾ ജനഹൃദയങ്ങളിൽനിന്ന് അകന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്സിലിൽ വിമർശനം. ഇടത് പാർട്ടികളുടെ അടിത്തറ നഷ്ടപ്പെട്ടുവെന്നും സർക്കാരിന്റെ പല വകുപ്പുകളുടെയും പ്രവർത്തനത്തിൽ കെടുകാര്യസ്ഥത ഉണ്ടെന്നും വിമർശനം ഉയർന്നു.
ധനകാര്യവകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും തോൽവിയിൽ കൂട്ടുത്തരവാദിത്വം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടെങ്കിലും പ്രതിനിധികൾ വിമർശനം അറിയിച്ചു.
ഒന്നല്ല ഒരായിരം പിണറായിമാർ പുറത്തുണ്ടെന്നും നേതാക്കളുടെ പെരുമാറ്റത്തെ വിമർശിച്ച് പ്രതിനിധികൾ അഭിപ്രായപ്പെട്ടുവെന്നാണ് ലഭിക്കുന്ന സൂചന.
ബിജെപിക്ക് പോളിംഗ് ബൂത്തിലിരിക്കാൻ പോലും പ്രവർത്തകർ ഇല്ലാത്ത ബൂത്തുകളിൽ പോലും ബിജെപിക്ക് വോട്ട് വർധിച്ചു. ഇടതുപക്ഷത്തിന്റെ പ്രവർത്തനം ഇങ്ങനെ പോയാൽ ബംഗാളിലെ പോലെ തകരുന്ന അവസ്ഥയിലെത്തുമെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
രാജ്യസഭ സീറ്റിനെ ചൊല്ലിയും വിമർശനം ഉയർന്നു. പി.പി. സുനീറിന് രാജ്യസഭ സീറ്റ് നൽകിയത് ശരിയായില്ലെന്നും പാർട്ടിയിലെ മുതിർന്ന നേതാവിനെ പരിഗണിക്കേണ്ടതായിരുന്നുവെന്നും വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു.
സർക്കാരിലെ പല വകുപ്പുകളുടെ പ്രവർത്തനം ജനങ്ങളെ അകറ്റുന്ന നിലയിലെത്തിച്ചു.
ധനകാര്യവകുപ്പിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ധനകാര്യവകുപ്പിന് കെടുകാര്യസ്ഥത ഉണ്ടെന്നും സർക്കാരിന്റെ പല നിലപാടുകളും തിരുത്തപ്പെടണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
മാടന്പള്ളിയിലെ മനോരോഗി ധനകാര്യവകുപ്പാണെന്ന വിധത്തിലായിരുന്നു സർക്കാരിനെയും പല വകുപ്പുകളെയും വിമർശിച്ചുകൊണ്ടുള്ള പ്രതിനിധികളുടെ അഭിപ്രായങ്ങൾ.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റം വേണമെന്നും തിരുത്തൽ നടപടികൾക്ക് സിപിഐ ശക്തമായി സമ്മർദ്ദം ചെലുത്തണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.