ന്യൂഡൽഹി: വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച സ്പൈസ്ജെറ്റ് ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്കു പ്രവേശിച്ച ജീവനക്കാരി അനുമതിയില്ലാത്ത ഗേറ്റിലൂടെ ഉള്ളിലേക്കു കടക്കാൻ ശ്രമിച്ചതാണു തർക്കത്തിനു കാരണമായത്. മറ്റൊരു ഗേറ്റിലൂടെ പോയി വിമാനക്കമ്പനി ജീവനക്കാർക്കുള്ള പരിശോധനയ്ക്കു വിധേയയാകാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ ഈ ഗേറ്റിൽ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ഈ സമയം സിഐഎസ്എഫ് എഎസ്ഐ ഒരു വനിതാ ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി. അതിനിടെ പ്രകോപിതയായ ജീവനക്കാരി എഎസ്ഐയുടെ മുഖത്ത് അടിച്ചെന്നാണു സിഐഎസ്എഫ് സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നത്.
ജീവനക്കാരിയോട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതാണു സംഭവങ്ങൾക്കു കാരണമെന്ന് സ്പൈസ്ജെറ്റ് അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.