തിരുവല്ല: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു.
തിരുവല്ല നഗരസഭയിലെ 28 -ാം വാര്‍ഡില്‍ കാവുംഭാഗം – പെരിങ്ങര റോഡരികില്‍ പെരിങ്ങര പാലത്തിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.
നിലവില്‍ ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള മറ്റൊരു മൊബൈല്‍ ടവര്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് സമീപത്താണ് വീണ്ടും പുതിയ ടവര്‍ പണിയാനുള്ള നീക്കം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് ടവര്‍ സ്ഥാപിക്കാന്‍ സാമഗ്രികള്‍ എത്തിച്ചു ജോലികള്‍ തുടങ്ങിയത് നാട്ടുകാര്‍ തടഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്കി ടവര്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്പിച്ചു. നിര്‍ദ്ദിഷ്ട ടവര്‍ സ്ഥാപിക്കുന്നതിന്റെ മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ നിലവിലെ ടവര്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും കാലപ്പഴക്കമുള്ള പഴയ ടവര്‍ നീക്കം ചെയ്യണമെന്നും പുതിയ ടവര്‍ ജനവാസ മേഖല ഒഴിവാക്കി സ്ഥാപിക്കണമെന്നും പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു.
പരാതിക്കാരുടെ ആവശ്യം കേള്‍ക്കാനായി 23ന് ജില്ലാകളക്ടര്‍ ഹിയറിംഗിന് വിളിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികളായ മുനിസിപ്പല്‍ കൗണ്‍സിലര്‍ അന്നമ്മ മത്തായി, ആര്. രവിപ്രസാദ്, ജഗന് മാത്യു, സജി ചാക്കോ, മത്തായി, മിനി വര്‍ഗീസ്, ബിനി സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു.