പത്തനംതിട്ട: കഞ്ചാവ്, മണല്‍ മാഫിയകളുടെ സംരക്ഷകരായി സിപിഎം ജില്ലാ നേതൃത്വം മാറിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. ആരോഗ്യ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാക്കള്‍ക്ക് ലഹരി, മദ്യ, മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ അതു നിഷേധിച്ചിരുന്നു.
എന്നാല്‍ പുതുതായി അംഗത്വമെടുത്ത സംഘത്തിലെ യുവാവിനെ അടുത്ത ദിവസം കഞ്ചാവുമായി പിടികൂടിയതിനെ ഉദ്യോഗസ്ഥ ഗൂഢാലോചനയായി ചിത്രീകരിക്കാനാണ് ശ്രമം.
ജില്ലയിലുടനീളം ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. പോലീസുദ്യോഗസ്ഥരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ക്രിമിനില്‍ വത്കരണത്തിനെതിരെ 20 ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കുമെന്ന് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.