കോട്ടയം: കിലോക്കണക്കിനുള്ള കഞ്ചാവിന്റെ വരവിലും വില്പനയിലും കോട്ടയം മുന്നിലെത്തിയതിനു പിന്നില്‍ അധികൃതരുടെ ഗുരുതരമായ വീഴ്ച. ഇതരസംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഒഡിഷ, ബിഹാര്‍, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്ന് കോട്ടയത്തും മറ്റു ജില്ലകളിലും കഞ്ചാവ് എത്തിക്കുന്ന സംഘം സജീവം.
റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച എക്സൈസും പോലീസും പരിശോധന കര്‍ക്കശമാക്കാതെ കഞ്ചാവുവരവു നിയന്ത്രിക്കാനാവില്ല. തമിഴ്നാട്ടില്‍ ട്രെയിനിറങ്ങി ബസുകളില്‍ കഞ്ചാവ് കൊണ്ടു വരുന്ന ഇതരസംസ്ഥാനക്കാരും ഏറെയാണ്. ഏറ്റുമാനൂര്‍, അതിരമ്പുഴ, ആര്‍പ്പൂക്കര പ്രദേശങ്ങളിലെ കഞ്ചാവു മൊത്ത വ്യാപാരികള്‍ക്കം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ദിവസേന കഞ്ചാവ് എത്തിക്കുന്നത് ഇതര സംസ്ഥാനരാണെന്ന് പോലീസ് പറയുന്നു.
വ്യാജ ഐഡി കാര്‍ഡുകള്‍ തരപ്പെടുത്തി ബംഗ്ലാദേശ്, മ്യാന്മാര്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നു കഞ്ചാവുമായി ട്രെയിന്‍ കയറി കോട്ടയത്ത് എത്തുന്ന പതിവു സംഘങ്ങളുമുണ്ട്. ഇതരസംസ്ഥാനക്കാർ സംഗമിക്കുന്ന സണ്‍ഡേ മാര്‍ക്കറ്റുകളിലും കഞ്ചാവ് വ്യാപാരം സജീവമാണ്. ബംഗാള്‍ സിഗരറ്റ്, ബീഡി എന്നിവയുടെ പായ്ക്കറ്റുകളില്‍ കഞ്ചാവ് ബീഡിയും വില്പനയുള്ളതായി പറയുന്നു.
നാല്പതും അന്‍പതും പേരടങ്ങിയ തൊഴിലാളിസംഘം യാത്ര ചെയ്യുന്ന ബോഗികളില്‍ കഞ്ചാവ് വ്യാപാരക്കാരെ തിരിച്ചറിയുക എളുപ്പമല്ല. വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഞ്ചാവ് പൊതിനല്കുന്നവരും ഇവര്‍ക്കിടയിലുണ്ട്. കേരളത്തില്‍ നിരോധനമുള്ള പുകയില ഉത്പന്നങ്ങളുടെ വരവും പ്രധാനമായി ഇത്തരം സംഘങ്ങളിലൂടെയാണ്.