വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ദേവദൂതൻ വീണ്ടും റിലീസിന് തയാറെടുത്തതായി നിർമാതാക്കൾ. ചിത്രം 26ന് തിയറ്ററുകളില്‍ എത്തും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ.
റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. റീ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു.
മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത ചടങ്ങിലാണ് 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്റെ ട്രയ്ലര്‍ പുറത്തിറങ്ങിയത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിർമാണം. സന്തോഷ് സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം.
കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പെടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയത്. പി.ആർ.ഒ: പി.ശിവപ്രസാദ്