പാലക്കാട്: ആനക്കര കൂടല്ലൂര്കടവില്നിന്നു മലയാളസാഹിത്യലോകത്തു വളർന്ന് ചരിത്രമെഴുതിയ എം.ടി. വാസുദേവന്‍നായര്‍ക്ക് ഇന്നു തൊണ്ണൂറ്റിയൊന്നാം പിറന്നാൾ.
ചെറുകഥകളായും നോവലുകളായും തിരക്കഥകളായും മലയാളിയുടെ മനസില്‍ ഇടംനേടിയ കഥാകാരൻ കഥാപാത്രങ്ങളെ കണ്ടെത്തിയതും തന്റെ ചുറ്റുവട്ടത്തുനിന്നുതന്നെ. വീട്ടുമൊഴികളും നാട്ടുവഴികളും നിറഞ്ഞ എംടിയുടെ കഥാപ്രപഞ്ചത്തിൽ കൂടല്ലൂരായിരുന്നു പ്രധാന കേന്ദ്രം.
കിഴക്കുംമുറിയെന്നും തെക്കുംമുറിയെന്നും വടക്കുംമുറിയെന്നും പടിഞ്ഞാറ്റുംമുറിയെന്നും നാലടരുകളുള്ള കൂടല്ലൂര്‍. തൂതപ്പുഴയും കുന്തിപ്പുഴയും ഒത്തുകൂടുന്നിടം. ഇവിടെ ജനിച്ചതു മനുഷ്യമനസുകളുടെ സമാനതകളില്ലാത്ത ലോകത്തെ പരിചയപ്പെടുത്തുന്നവനായിരുന്നു.
ദൈവമുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ കൊടിക്കുന്നത്തുകാവിലമ്മയുണ്ട് എന്ന് യുക്തിവാദികളുടെ സമ്മേളനത്തില്‍ ചെറുപ്പക്കാരനായ എംടി പ്രസംഗിച്ചിട്ടുണ്ട്. അതേ കൊടിക്കുന്നത്തുകാവില് കഴിഞ്ഞവര്‍ഷം നവതി ആഘോഷങ്ങളുടെ ഭാഗമായി ആരെയും അറിയിക്കാതെ എംടി ദര്‍ശനത്തിനെത്തിയിരുന്നു.
നിളയുടെ ഓളങ്ങളെക്കണ്ട് കഥയെഴുതണമെന്ന ആഗ്രഹത്തെത്തുടര്ന്നാണു കൂടല്ലൂരിൽ നിളയോരത്ത് അശ്വതിഭവനം ഒരുക്കുന്നത്. 2018 ലെ പ്രളയത്തില്‍ ഈ വീട്ടുമുറ്റംവരെ വെള്ളമെത്തിയിരുന്നു. എംടിയുടെ സഹോദരന് എം.ടി. രവീന്ദ്രന് അശ്വതിക്കപ്പുറത്തെ അക്ഷരഭവനത്തില് താമസിക്കുന്നുണ്ട്.
കഥകളിലെ പ്രദേശം ഒട്ടാകെ മാറിയെങ്കിലും നാട്ടുകാരനായ വാസു കൂടല്ലൂരിന് ഒരുക്കിക്കൊടുത്തത് അനശ്വരകഥകളിലൂടെ മായാത്ത നാടൻകാഴ്ചകളാണ്. എംടിയില്നിന്നു കൂടല്ലൂരിനെയോ കൂടല്ലൂരില്‍നിന്ന് എംടിയെയോ എടുത്തുമാറ്റാനാവില്ല. വേര്‍പെടുത്താനാവാത്തവിധം ഒട്ടിച്ചേര്‍ന്ന അവസ്ഥ.
സ്വന്തം ലേഖകൻ