തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനിറങ്ങിയ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.
ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി റെയിൽവേയുടെ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തിരച്ചിലിനെത്തിയിരുന്നു. രാവിലെ തിരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്.
തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ജോയ്. കഴിഞ്ഞ ദിവസം കനത്ത മഴപെയ്തതിനാല്‍ തോട്ടില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ശുചീകരണത്തിനിറങ്ങിയ ജോയി ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ഒഴുക്കില്‍പ്പെട്ടത്. തോട് വൃത്തിയാക്കാന്‍ റെയില്‍വേ കോണ്‍ട്രാക്ട് എടുത്തയാളുടെ തൊഴിലാളിയാണ് ജോയ്.
ശുചീകരണത്തിനായി മറ്റു നാലുപേരും ഉണ്ടായിരുന്നു. എന്നാല്‍, ഒഴുക്ക് ശക്തമായതോടെ ഇവര്‍ തോട്ടില്‍നിന്നു കയറി. ജോയിയോടു കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ജോലി തുടരുകയായിരുന്നു.
പൊടുന്നനെ ഒഴുക്കിൽപ്പെട്ട ഇയാളെ കാണാതായി. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അടിയൊഴുക്കുള്ളതിനാല്‍ സാധിച്ചില്ല. അഗ്നിരക്ഷാ സേനയും സ്കൂബ ടീമും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തോട്ടില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിനാല്‍ തടസപ്പെട്ടു. അവിവാഹിതനായ ജോയ് അമ്മ മേരിയോടൊപ്പം മാരായമുട്ടത്തെ സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞുവന്നിരുന്നത്.