നൃത്തത്തിനിടെ നടന്ന അവിചാരിതമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിൽ വിഷ്ണു എന്റർടൈൻമെന്റ് എന്ന സംഘം അവതരിപ്പിച്ച നൃത്തപരിപാടിക്കിടെ കോഴിയുടെ തല കടിച്ച സംഭവമാണ് വിവാദമായത്.
പരിപാടിക്കിടെ കോഴിയുടെ തല കടിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്. ചുവന്ന സാരി ധരിച്ച് നടുവിൽ നിന്ന നർത്തകി കോഴിയെ ഉയർത്തുമ്പോൾ സംഘം സ്റ്റേജിൽ പ്രകടനം നടത്തുന്നത് വീഡിയോയിൽ കാണാം. നിമിഷങ്ങൾക്ക് അകം നർത്തകി മുന്നോട്ട് നടന്ന് കോഴിയുടെ തല കടിച്ചു.
ക്രൂരത ഇവിടെ അവസാനിക്കുന്നില്ല. നർത്തകി പിന്നീട് കോഴിയുടെ രക്തം കുടിക്കുകയും രക്തം പുറത്തേക്ക് വായിൽ നിന്ന് ചീറ്റിക്കളയുകയും ചെയ്തു. വിവേകശൂന്യമായ ഈ പ്രവൃത്തിയുടെ വീഡിയോ പെട്ടെന്ന് വൈറലായതോടെ പോലീസിന്റെ പ്രതികരണവും വന്നു.
ജനരോഷത്തിൽ ആശങ്കയറിയിച്ച പൊലീസ്, കുട്ടികൾ ഉൾപ്പെടെയുള്ള സദസ്സിന് മുന്നിൽ ഇത്തരമൊരു പ്രവൃത്തി ചെയ്തത നൃത്തസംഘത്തിനെതിരെ കേസെടുത്തു.