പത്തനംതിട്ട: വള്ളിക്കോട്ടെ കരിമ്പു പാടങ്ങള്‍ പൂവിട്ടു. ഓണവിപണിയില്‍ ഇക്കുറിയും വള്ളിക്കോട് ശര്‍ക്കരയുടെ മധുരം. വിളവൊത്ത് പാകമായ കരിമ്പുകള്‍ വെട്ടിയെടുത്ത് ശര്‍ക്കര തയാറാക്കി കരുതല്‍ ശേഖരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
കഴിഞ്ഞ ഓണക്കാലത്ത് ലഭിച്ച മികച്ച വില്‍പ്പനയിലൂടെയാണ് വള്ളിക്കോട് ശര്‍ക്കര ജനപ്രിയ ബ്രാന്‍ഡായി മാറിയത്. വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും പിന്തുണയോടെയാണ് കൃഷി.
നല്ല വരുമാനം ഉറപ്പായതോടെ ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ കരിമ്പു കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്.കഴിഞ്ഞ ഓണക്കാലത്ത് ആറായിരം കിലോ ശര്‍ക്കരയാണ് വിറ്റത്. ഇത്തവണ പതിനായിരം കിലോയാണ് ലക്ഷ്യമിടുന്നത്. പന്തളം കൃഷി ഫാമില്‍നിന്നുള്ള മാധുരി ഇനത്തില്‍പ്പെട്ട കരിമ്പ് തലക്കവും മറയൂര്‍ കരിമ്പ് ഉല്പാദക സംഘത്തില്‍നിന്നുള്ള സിഎ 86032 ഇനം തലക്കവുമാണ് കൃഷി ചെയ്തിരിക്കുന്നത്.
കരിമ്പിന് പൂവിനക്കരെ
മധ്യതിരുവിതാംകൂറില്‍ കരിമ്പ് കൃഷിക്ക് പ്രസിദ്ധമായിരുന്നു വള്ളിക്കോട്. “കരിമ്പിന് പൂവിനക്കരെ’ തുടങ്ങി കരിമ്പിന് തോട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പല സിനിമകളുടെയും ചിത്രീകരണവും വള്ളിക്കോട്ട് അക്കാലത്തു നടന്നിരുന്നു.
വള്ളിക്കോട്ട് വിളയുന്ന കരിമ്പ് ഇവിടെത്തന്നെ ശര്‍ക്കരയാക്കി വിപണിയിലെത്തിക്കുകയായിരുന്നു രീതി. രാപകല്‍ പ്രവര്‍ത്തിച്ചിരുന്ന 12 ശര്‍ക്കര ചക്കുകളാണ് പണ്ട് പഞ്ചായത്തില്‍ ഉണ്ടായിരുന്നത്.
പിന്നീട് കൃഷിയില്‍നിന്ന് മിക്കവരും പിന്‍വാങ്ങി. കഴിഞ്ഞതവണ 15 ഏക്കറില്‍ 12 കര്‍ഷകരാണ് കൃഷി ചെയ്തത്. 170 രൂപയ്ക്കാണ് ഒരു കിലോ ശര്‍ക്കര വിറ്റത്.