കാസര്‍ഗോഡ്: ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് കോടതി ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബേഡകം കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബിക (49) യെയാണ് കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ.മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം.
പരേതനായ നാരായണന് നായരുടെ ഭാര്യ പുക്കളത്ത് അമ്മാളുവമ്മയെ (68) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകനും അംബികയുടെ ഭര്‍ത്താവുമായ കമലാക്ഷന്‍(57), കമലാക്ഷന്റെ മകന് ശരത് (21) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു.
2014 സെപ്റ്റംബര്‍ 16നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ ചായ്പില്‍ ഉറങ്ങുകയായിരുന്ന അമ്മാളുവമ്മയെ അംബിക കഴുത്തു ഞെരിച്ചും തലയണകൊണ്ട് മുഖം അമര്‍ത്തിയും നൈലോണ്‍ കയര്‍കൊണ്ട് കഴുത്ത് മുറുക്കിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം ചായ്പില്‍ കെട്ടിത്തൂക്കുകയും ചെയ്തു. അമ്മാളുവമ്മയുടെ പേരിലുള്ള സ്ഥലംവിറ്റ് പ്രതികളുടെ പേരില്‍ സ്ഥലം വാങ്ങിയിരുന്നു.
സ്ഥലം തന്റെ പേരില്‍ തിരികെ എഴുതിത്തരണമെന്നുപറഞ്ഞതിന്റെ പേരില്‍ തനിക്കു ഭക്ഷണം നല്‍കുന്നില്ലെന്നും ടിവി കാണാന്‍ അനുവദിക്കുന്നില്ലെന്നും അമ്മാളുവമ്മ അയല്‍വാസികളോടു പറഞ്ഞിരുന്നതായും ഇതിന്റെ വിരോധമാണു കൊലപാതകത്തിനു കാരണമായതെന്നും പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു.