തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴതുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ വ്യാപകമായി ഇടിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്.
തിരുവനന്തപുരത്ത് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 9ന് 20 സെന്റിമീറ്റർ ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 60 സെന്റിമീറ്ററിൽ നിന്നും 90 സെന്റിമീറ്റർ ആയി ഇന്ന് ഉച്ചതിരിഞ്ഞ് 2ന് ഉയർത്തും. ഇരു ഡാമുകളുടേയും സമീപത്ത് താമസിയ്ക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.
കനത്ത മഴ വൻനാശമാണ് വടക്കൻ കേരളത്തിൽ വിതച്ചത്. പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കണ്ണൂർ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് കുഞ്ഞാമിന എന്ന സ്ത്രീ മരിച്ചു. വയനാട് പുൽപ്പള്ളിയിൽ വീടിന്റെ മുറ്റത്തോട് ചേര്‍ന്ന 50 അടി താഴ്ച്ചയുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു.
പലയിടങ്ങളിലും കനത്തമഴിയിലും കാറ്റിലും മരങ്ങള്‍ കടപുഴകിവീണു. കനത്തമഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി. പെരിയാര്‍ കരകവിഞ്ഞാണ് ക്ഷേത്രത്തിലും മണപ്പുറത്തും വെള്ളം കയറിയത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി.