കൊല്ലം: പാലക്കാട് റെയിൽവേ ഡിവിഷനെ വിഭജിച്ച് പുതുതായി മംഗളൂരു ഡിവിഷൻ രൂപീകരിക്കുന്നതിന് അണിയറയിൽ നീക്കങ്ങൾ സജീവം. കർണാടക ലോബിയാണ് ഇതിന് പിന്നിൽ. ഇതിന്റെ ഭാഗമായി കർണാടകയിലെ കേന്ദ്ര സഹമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് മംഗളൂരുവിൽ വിളിച്ച് ചേർത്തിട്ടുണ്ട്. മംഗളൂരു ജില്ലാ പരിഷത് ഹാളിൽ രാവിലെ 11 – നാണ് യോഗം . ദക്ഷിണ റെയിൽവേ, ദക്ഷിണ പശ്ചിമ റെയിൽവേ, കൊങ്കൺ റെയിൽവേ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർമാർ ഉൾപ്പെടെ പങ്കെടുക്കും.
ഈ യോഗം സംബന്ധിച്ച് കേരളത്തിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ദക്ഷിണ റെയിൽവേയിലെ ഉദ്യോഗസ്ഥർ അടക്കം പങ്കെടുക്കുന്ന യോഗത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരെ അടക്കം ക്ഷണിക്കേണ്ടതാണ്. അതേ സമയം റെയിൽവേയുടെ ഈ അസാധാരണ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി കേരളം രംഗത്ത് വന്നിട്ടുണ്ട്.
മംഗളൂരു ഡിവിഷൻ രൂപീകരിക്കുന്നതിന് കേരളത്തിന് ഒരു എതിർപ്പും ഇല്ലന്നും സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ അസന്നിഗ്ധമായി വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ പാലക്കാട് ഡിവിഷനെ ഇനിയും വെട്ടിമുറിക്കുന്നതിനെ സംസ്ഥാനം എന്തു വില കൊടുത്തും എതിർക്കും.
നേരത്തേ സേലം ഡിവിഷൻ രൂപീകരിച്ചത് തന്നെ പാലക്കാട് ഡിവിഷനെ വിഭജിച്ചാണന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഡിവിഷൻ പൂർണമായും ഇല്ലാതാക്കാൻ റെയിൽവേയുടെ ഭാഗത്ത് നീക്കം നടന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ അധികൃതർ നീക്കത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. മാത്രമല്ല അങ്ങനെയൊരു നീക്കം ആലോചനയിൽ പോലും ഇല്ലന്ന് വ്യക്തമാക്കി റെയിൽവേ ഔദ്യോഗികമായി വിശദീകരണക്കുറിപ്പ് ഇറക്കുകയും ചെയ്തു.
പക്ഷേ യാഥാർഥ്യം ഇതല്ല എന്ന് മംഗളൂരുവിൽ ഇപ്പോൾ നടക്കുന്ന രഹസ്യ നീക്കങ്ങളിൽ നിന്ന് വ്യക്തമാണ്.പാലക്കാടിനെ പൂർണമായും അടർത്തിയെടുത്ത് പുതുതായി മംഗളൂരു ഡിവിഷനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അവിടുത്തെ ജനപ്രതിനിധികൾ അടക്കം ഉന്നയിച്ച് കഴിഞ്ഞു.
അതിന് അവർ ചില കാരണങ്ങളും നിരത്തുന്നുണ്ട്. പാലക്കാട് ഡിവിഷനിലെ വരുമാനത്തിന്റെ സിംഹഭാഗവും (75 ശതമാനവും ) മംഗളൂരുവിൽ നിന്നാണെന്നാണ് അവരുടെ അവകാശ വാദം. മാത്രമല്ല രണ്ട് തുറമുഖങ്ങളും നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങളും മംഗളൂരുവിൽ ഉണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.
പുതിയ ഡിവിഷൻ വന്നാൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം കൂടുതൽ ട്രെയിനുകൾ മംഗളൂരുവിൽ നിന്ന് ആരംഭിക്കാൻ കഴിയുമെന്ന വാദഗതിയുമുണ്ട്. മാത്രമല്ല ഹുബ്ലി, മൈസൂരു , ബംഗളൂരു സ്റ്റേഷനുകളിലെ വികസന കുതിപ്പും പുതിയ ഡിവിഷന്റെ ആവശ്യകതയിലേക്കാണ് കർണാടക ലോബി എടുത്തുകാട്ടുന്നത്.
എസ്.ആർ. സുധീർകുമാർ