ഗുരുവായൂർ: ദേവസ്വത്തിൽനിന്നു ഭക്തൻ വാങ്ങിയ ലോക്കറ്റ് തനി സ്വർണമെന്നു പരിശോധനയിൽ തെളിഞ്ഞു. ദേവസ്വത്തിനെതിരേ പരാതി നൽകിയതിലും തെറ്റായ പ്രചാരണം നടത്തിയതിലും പരാതിക്കാരൻ മാപ്പുപറഞ്ഞു.ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശേരി കരുവാൻതൊടി പുത്തൻവീട്ടിൽ മോഹൻദാസാണ് (62) ദേവസ്വത്തിനെതിരേ ഒറ്റപ്പാലം പോലീസിൽ പരാതി നൽകിയത്. പരാതിക്കാരനെ ഇന്നലെ രാവിലെ ചേർന്ന ഭരണസമിതിയിലേക്കു വിളിച്ചുവരുത്തിയിരുന്നു.
മോഹൻദാസ് കൊണ്ടുവന്ന സ്വർണലോക്കറ്റ് ആദ്യം ദേവസ്വത്തിന്റെ ഔദ്യോഗിക അപ്രൈസർ കെ. ഗോപാലകൃഷ്ണൻ പരിശോധിച്ചു. ലോക്കറ്റ് സ്വർണമാണെന്നു റിപ്പോർട്ട് നൽകി. എന്നാൽ മോഹൻദാസ് തൃപ്തനായില്ല. തുടർന്ന് ഗുരുവായൂരിലെ സ്വകാര്യജ്വല്ലറിയിൽ വീണ്ടും പരിശോധിച്ചു. 916 സ്വർണമാണെന്നു ജ്വല്ലറിക്കാരും സാക്ഷ്യപ്പെടുത്തി.
ഇതിലും മോഹൻദാസിനു വിശ്വാസംവരാത്തതിനാൽ കുന്നംകുളത്തെ സർക്കാർ അംഗീകൃത സ്വർണപരിശോധനാസ്ഥാപനമായ അമൃത അസെ ആൻഡ് ഹാൾമാർക്കിംഗ് സ്ഥാപനത്തിൽ പരിശോധിച്ച് ലോക്കറ്റിന്റെ പരിശുദ്ധി ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് വാങ്ങി.തുടർന്നു ദേവസ്വം നടത്തിയ പത്രസമ്മേളനത്തിലും മോഹൻദാസ് പാലക്കാടുള്ള സ്ഥാപനത്തിൽ വീണ്ടും പരിശോധിക്കണമെന്ന ആവശ്യമുയർത്തി.
ഇതോടെ ദേവസ്വം കർശനനിലപാടിലേക്കു നീങ്ങി. തുടർന്നാണ് മോഹൻദാസ് തനിക്കു തെറ്റു പറ്റിയതായി സമ്മതിച്ചത്.ദേവസ്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുരുവായൂർ എസിപി പി.എസ്. സിനോജ്,എസ് ഐ പി. രാജു എന്നിവരെത്തി മോഹൻദാസിൽനിന്ന് ലോക്കറ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങി. ദേവസ്വത്തിനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന ദേവസ്വത്തിന്റെ പരാതിയിൽ മോഹൻദാസിനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. ലോക്കറ്റ് കോടതിയിൽ ഹാജരാക്കും.
ഇക്കഴിഞ്ഞ മേയ് 13നാണ് മോഹൻദാസ് ക്ഷേത്രത്തിൽനിന്ന് രണ്ടു ഗ്രാം സ്വർണലോക്കറ്റ് വാങ്ങിയത്.സാമ്പത്തികബുദ്ധിമുട്ടിനെതുടർന്ന് ജൂൺ 28 ന് ഒറ്റപ്പാലം സഹകരണ ബാങ്കിന്റെ അമ്പലപ്പാറ ശാഖയിൽ പണയം വയ്ക്കാൻ എത്തിയപ്പോൾ ലോക്കറ്റ് വ്യാജസ്വർണമാണെന്നു പറഞ്ഞെന്നാണ് മോഹൻദാസ് വെളിപ്പെടുത്തിയത്.തുടർന്ന് സ്വർണക്കടയിൽ നടത്തിയ പരിശോധനയിലും സ്വർണമല്ലെന്നു പറഞ്ഞതിനാലാണ് പരാതി നൽകിയതെന്നു മോഹൻദാസ് വിശദീകരിച്ചു.