കോട്ടയം: അപ്പയോടുള്ള സ്നേഹവും ആദരവും മരിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാണു കബറിങ്കലെത്തുന്ന ആള്‍ക്കൂട്ടം. അപ്പയുടെ അഭാവം വലിയ ശൂന്യതയുണ്ടാക്കിയെങ്കിലും ഈ ആള്‍ക്കൂട്ടം കാണുമ്പോള്‍ അപ്പയുടെ അഭാവം മറക്കുകയാണ്. ഞായറാഴ്ചകളിലെ പുതുപ്പള്ളി വീട്ടിലെ ആള്‍ക്കൂട്ടം പോലെ തന്നെയാണു കബറിടത്തിങ്കലെത്തുന്ന ആള്‍ക്കൂട്ടം. ഇതാണെന്റെ ശക്തിയും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുമ്പോള്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ അപ്പയെ അനുസ്മരിക്കുന്നു.ഒരു വര്‍ഷം പെട്ടെന്ന് കടന്നുപോയി. അപ്പ ഇല്ലാത്ത ഒരു വര്‍ഷം വലിയ ശൂന്യതയാണ് സമ്മാനിച്ചത്. എങ്കിലും ഓരോ മിനിറ്റിലും ഓരോ ശ്വാസത്തിലും അപ്പയും അപ്പയുടെ ഓര്മകളുമായിരുന്നു എന്റെയുള്ളില്‍.
വിലാപയാത്രയായിരുന്നു അപ്പയ്ക്ക് കേരളവും മലയാളിയും തന്ന ഏറ്റവും വലിയ ആദരവ്. അതിന്റെ തുടര്‍ച്ചയെന്നവണ്ണം ഇന്നും പുതുപ്പള്ളി പള്ളിയിലെ കബറിടത്തിങ്കലേക്ക് ജനപ്രവാഹമാണ്. ഇന്നലെ ഞാന്‍ കബറിടത്തിങ്കല്‍ ചെല്ലുമ്പോഴും അവിടെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കാസര്‍കോഡ് മുതല്‍ പാറശാല വരെയുള്ള ആളുകളുണ്ട്. അവര്‍ കല്ലറയിലെത്തി പുഷ്പചക്രം അര്‍പ്പിക്കുകയും മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്യുന്നു.
അപ്പയെ കാണാന്‍ വീട്ടിലെത്തുന്നവര്‍ ഇപ്പോള്‍ കബറിങ്കലെത്തുകയാണ്. എത്രയാള് വീട്ടില്‍ കാണാന്‍ വരുന്നുവോ അത്രയും പേര് കബറിങ്കലെത്തുന്നുണ്ട്. ഇതു കാണുമ്പോള്‍ അപ്പ ഇവിടെത്തന്നെയുണ്ടെന്നും മരിച്ചില്ലെന്നുമുള്ള തോന്നലാണുള്ളത്. ജനങ്ങളോടുള്ള അപ്പയുടെ പ്രതിബദ്ധത ഞാനും കുടുബവും ഇപ്പോഴും പുലര്‍ത്തുന്നുണ്ട്. സാധാരണക്കാരെയും പാവപ്പെട്ടവരെയും സഹായിക്കുക എന്ന വലിയ ദൗത്യം ഞങ്ങള്‍ പിന്തുടരുന്നു. മൂവായിരും കുട്ടികള്‍ക്കാണ് 30 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
ചികിത്സാ സഹായത്തിനായിട്ടാണ് ഒത്തിരിപ്പേര് അപ്പയെ കാണാന്‍ എത്തിയിരുന്നത്. ഒരുലക്ഷം രൂപയുടെ മരുന്നുകള്‍ നല്കുന്ന ബൃഹത് ചികിത്സാ പദ്ധതിക്കാണു തുടക്കം കുറിക്കാന്‍ പോകുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മയ്ക്കായി മാളിയേക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവനയായി നല്കിയ ഒരേക്കര്‍ സ്ഥലത്ത് 50 വീടുകള്‍ പണിയാനാണു തീരുമാനിച്ചിരിക്കുന്നത്
. ക്രിക്കറ്റ് പിച്ചും ഫുട്ബോള്‍ കോര്‍ട്ടും വോളിബോള്‍ കോര്‍ട്ടും പലയിടത്തും തുടങ്ങി. ഉമ്മന്‍ ചാണ്ടി അനുസ്മരണ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പുതുപ്പള്ളിയെയും പുതുപ്പള്ളിക്കാരെയും കേരളത്തെയും കേരള ജനതയെയുമാണ് ഉമ്മൻ ചാണ്ടി സ്നേഹിച്ചത്. അവര്‍ക്കുവേണ്ടിയായിരുന്നു അപ്പയുടെ പൊതുജീവിതം മുഴുവനും. മരിക്കാത്ത ഓര്മകളുമായിട്ടാണ് അപ്പയെ കേരളജനത ഇപ്പോഴും കാണുന്നത്.
ജിബിന്‍ കുര്യന്