വിവാഹദിവസം എല്ലാവരുടെയും ജീവിതത്തിലെ ഒരു സവിശേഷ ദിവസമാണ്. അടുത്തിടെ തന്റെ ചെറുമകളെ വധുവായി കണ്ട ഒരു മുത്തശിയുടെ ഹൃദയസ്പർശിയായ പ്രതികരണത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മുത്തശിയും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം വളരെ വിലപ്പെട്ടതാണെന്ന് ഈ വീഡിയോ വെളിപ്പെടുത്തുന്നു.
ലെഹംഗയിൽ അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധുവിനെ വീഡിയോയിൽ കാണാം. മനോഹരമായ ഓഫ് വൈറ്റ് സാരി ധരിച്ച മുത്തശ്ശിയുമുണ്ട് കൂടെ. വധു മുത്തശിയോട് ചോദിക്കുന്നു, “ഞാൻ എങ്ങനെയുണ്ട്, നാനി?”
കൊച്ചുമകളെ വധുവായി കണ്ടയുടനെ അവർ അവളെ കെട്ടിപ്പിടിക്കാൻ അടുത്തേക്ക് നടന്നു. വീഡിയോയിൽ, “അരേ മേരാ പ്യാർ” (ഓ മൈ ലവ്) എന്ന് അവർ പറയുന്നത് കേൾക്കാം. തുടർന്ന് അവളെ അഭിനന്ദിച്ച ശേഷം മുത്തശി വികാരാധീനയായി.
ചെറുമകൾ മുത്തശിയെ ആശ്വസിപ്പിക്കുകയും അവരുടെ കണ്ണുനീർ തുടയ്ക്കുകയും ചെയ്യുന്നു. മുത്തശ്ശിയെ ആശ്വസിപ്പിക്കുന്നതിനിടയിൽ വധു മറ്റ് കുടുംബാംഗങ്ങളോട് കരയരുതെന്ന് ആവശ്യപ്പെടുന്നുണ്ട്.
@variyata_dabas എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഹൃദയസ്പർശിയായ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരു ദിവസം മുൻപാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ഷെയർ ചെയ്തതിന് ശേഷം ആയിരക്കണക്കിന് വ്യൂസും ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചു.