തമിഴ്, തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് ഗ്ലാമറസ് റോളുകളിൽ തുടരെ അഭിനയിച്ച സോന ഹെയ്ഡൺ ഇന്ന് സീരിയലുകളിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഗ്ലാമറസ് വേഷങ്ങൾ ചെയ്തെങ്കിലും ഇതിൽ സോന ഇപ്പോൾ ഖേദിക്കുന്നുണ്ട്.
ഗ്ലാമർ നടി എന്ന ഇമേജ് തന്റെ വ്യക്തിജീവിതത്തെ പോലും ബാധിച്ചെന്നാണ് സോന പറയുന്നത്. പണത്തിനും പ്രശസ്തിക്കും പിറകെ പോയപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് സമൂഹത്തിലുള്ള പ്രതിച്ഛായയാണ്. ഗ്ലാമർ നായികയെന്ന ഇമേജ് മാറ്റാൻ വേണ്ടിയാണ് സീരിയലുകളിൽ അഭിനയിച്ചതെന്നാണ് പറയുന്നത്.
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സിനിമാ രംഗത്തേക്ക് കടന്ന് വന്ന സമയത്ത് അഡ്ജസ്റ്റ്മെന്റ് വളരെ സ്വാഭാവികമാണ്. പക്ഷെ ഇപ്പോൾ അത് ഒരുപടി കൂടി കടന്നിരിക്കുന്നു. അവസരം തേടുന്നവർ സ്വമേധയാ ഇതിന് തയാറാകുന്നു, പക്ഷെ അതെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്.
കരിയറിലെ തുടക്കക്കാലത്ത് ഗ്ലാമറസ് റോളുകൾ ചെയ്തു. ഇന്ന് അക്കാര്യമോർത്ത് ഞാനിരുന്ന് കരയുന്നു. അതിന്റെ പ്രത്യാഘാതം ഞാനിപ്പോൾ അനുഭവിക്കുന്നു. ഇത് തന്നെ അവർക്കും സംഭവിക്കും. ശരിയോ തെറ്റോ എന്നത് പുറമെ നിന്ന് നോക്കിക്കാണേണ്ടതല്ല.
ഞാൻ സന്തോഷമായിരുന്നില്ലെങ്കിലും എന്നെ ചുറ്റുമുള്ളവരെ ഞാൻ സന്തോഷിപ്പിക്കും. അത് വലിയ തെറ്റായിപ്പോയി. ആദ്യം നിങ്ങളെ സന്തോഷമായി വയ്ക്കുക. അതിനു ശേഷമേ മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാവൂ. ഗ്ലാമറസ് വേഷങ്ങൾ ചെയ്തത് കൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ പലതാണ്.
ആളുകൾ വളരെ പെട്ടെന്ന് ജഡ്ജ് ചെയ്യും. കല്യാണം നടക്കാൻ വളരെ ബുദ്ധിമുട്ടാണ്, പയ്യനെ കിട്ടില്ല. ഒരുപാട് പേർ നമ്മളെ ചതിക്കും. ചെറുപ്പം തൊട്ടേ എന്റെ ആഗ്രഹം കല്യാണം കഴിച്ച് കുട്ടികൾ വേണമെന്നാണ്. അതൊന്നും നടക്കില്ല. പുറത്തു പോകുമ്പോൾ വളരെ മോശമായാണ് എന്നെക്കുറിച്ച് സംസാരിച്ചിരുന്നത്. ടെലിവിഷനിലേക്കു വന്ന ശേഷം അതുമാറി.
ഇപ്പോൾ എനിക്ക് സ്ത്രീ ആരാധകരും ഉണ്ട്. അതു വലിയ കാര്യമാണ്. സീരിയലുകളിൽ അഭിനയിച്ച ശേഷം വന്ന നല്ല മാറ്റം അതാണ്. ഞാൻ ചെയ്തത് തെറ്റാണ്. പക്ഷെ അതുകൊണ്ടാണ് എന്റെ കുടുംബം അന്നു പുലർന്നത്. പക്ഷെ എന്റെ വ്യക്തി ജീവിതം പോയി. അതിൽ ഇനി ഒന്നും ചെയ്യാനില്ല- സോന പറഞ്ഞു.