കൊച്ചി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം എല്‍ഡിഎഫിലേക്ക് കൂറുമാറിയ രാജി ചന്ദ്രനെ ഹൈക്കോടതി അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു.
കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ചു ജയിച്ച രാജി ആദ്യം ഒരു വര്‍ഷം പ്രസിഡന്റായിരുന്നശേഷം യുഡിഎഫ് ധാരണപ്രകാരം രാജിവച്ചു. പിന്നീട് യുഡിഎഫിന്റെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ആന്‍സി തോമസിനു വോട്ട് ചെയ്യണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ചു എല്‍ഡിഎഫ് പിന്തുണയോടെ രാജി ചന്ദ്രൻ വീണ്ടും പ്രസിഡന്റായി.
തുടര്‍ന്ന് രാജി ചന്ദ്രനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും തള്ളി. വിപ്പ് നല്‍കിയതിനു തെളിവില്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. ഇതോടെ കോണ്‍ഗ്രസ് പ്രതിനിധി ആന്‍സി തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഒരു പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് ജയിച്ചശേഷം മറുഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകുന്നത് കൂറുമാറ്റമാണെന്ന് ഹൈക്കോടതി വിലയിരുത്തി.
വിധിയുടെ ഉത്തരവ് കിട്ടിയിട്ടില്ലെന്നും ഉത്തരവ് ലഭിച്ചശേഷം പാര്‍ട്ടിയുമായി ആലോചിച്ച് അപ്പീല്‍ നല്‍കുമെന്നും രാജി ചന്ദ്രന് പറഞ്ഞു. കോടതിവിധിയില്‍ അഭിമാനമുള്ളതായി ആന്‍സി തോമസ് പറഞ്ഞു.