ചട്ടീം കലവുമാകുമ്പോള്‍ തട്ടീം മുട്ടീം ഇരിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്. ഭാര്യയും ഭര്‍ത്താവുമാകുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങളും വഴക്കുമുണ്ടാകുക സാധാരണം. എന്നാല്‍ തായ്ലന്ഡില് സംഭവിച്ചത് എല്ലാവരെയും ഞെട്ടിക്കുന്നതായി.
കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നതാണു സംഭവം. ഭാര്യ എല്ലാദിവസവും കുളിക്കുന്നില്ലെന്നു പറഞ്ഞ് ഭര്‍ത്താവ് വഴക്കിടുക പതിവായിരുന്നു.
സംഭവം നടന്ന ദിവസം ഇരുവരും വീടിനു പുറത്തിരുന്ന് ഒന്നിച്ചു മദ്യപിച്ചു. അതിനിടെ കുളിക്കാത്തതിന്റെ പേരില്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. വഴക്ക് മൂത്തതോടെ മരക്കമ്പുകൊണ്ടു ഭാര്യയുടെ തലയ്ക്കടിച്ചു.
ബോധം നഷ്ടമായ ഭാര്യയെ കുളിമുറിയില്‍ കൊണ്ടുപോയി കിടത്തിയശേഷം കാൽവഴുതി വീണതായി അയല്‍ക്കാരെയും പോലീസിനെയും അറിയിച്ചു.
ഭാര്യയെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പ്രതി സ്ഥലത്തുനിന്നു മുങ്ങി. ഇയാളെ പിന്നീട് പോലീസ് പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കൊലപാതകം സമ്മതിക്കുകയും ചെയ്തു.