നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴിയില്‍ പെയിന്റിംഗ് വര്‍ക്ക്ഷോപ്പിന്റെ മറവില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നവരെ എക്സൈസ് സംഘം പിടികൂടി. ചേറ്റുകുഴിയില്‍ സ്പ്രേ പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് നടത്തുന്ന രാജാക്കണ്ടം പുളിക്കല്‍ പി.എസ്. ബിബിന്‍, ചേറ്റുകുഴി പുത്തന്‍വീട്ടില്‍ മിഥുന് എന്നിവരെയാണ് കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്.
ബിബിന്റെ നേതൃത്വത്തിലാണ് മേഖലയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാള്‍ക്കെതിരേ മുമ്പ് കമ്പംമെട്ട് സ്റ്റേഷനിലും സമാനമായ കേസുണ്ട്. തമിഴ്നാട്ടില്‍നിന്നു കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളിലാക്കി 500 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. സ്പ്രേ പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് മറയാക്കിയായിരുന്നു വില്‍പ്പന.
എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ ചില വിദ്യാര്‍ഥികളെയും സംഭവ സ്ഥലത്ത് കണ്ടിരുന്നു. എന്നാല്‍, ഇവരില്‍നിന്നു ലഹരിവസ്തുക്കള്‍ കണ്ടെടുത്തിട്ടില്ല. രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവരെ പറഞ്ഞയച്ചു.
ബിബിനും മിഥുനും വലിയ അളവില്‍ മേഖലയില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന നടത്തുന്നതായാണ് എക്സൈസിന് ലഭിച്ചിരുന്ന വിവരം. എംഡി എംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഇവര്‍ വില്പന നടത്തുന്നതായും എക്സൈസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.