കൊച്ചി: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതില്‍ 80 ശതമാനവും 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍. സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് എച്ച്യുഐഡി നിര്‍ബന്ധമാക്കിയത് 2021 ജൂലൈ മുതലാണ്. 2024 മേയ് 31 അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ ഒട്ടാകെ 36 കോടി 79 ലക്ഷം ആഭരണങ്ങളില്‍ ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി മുദ്ര പതിച്ചിട്ടുണ്ട്.
22 കാരറ്റ് ആഭരണങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുദ്ര പതിപ്പിച്ചിട്ടുള്ളത്. 29 കോടി 15 ലക്ഷം. 8.4 ലക്ഷം 24 കാരറ്റ് ആഭരണങ്ങളില്‍ എച്ച്യുഐഡി മുദ്ര പതിപ്പിച്ചിട്ടുണ്ട് . 23 കാരറ്റ് ആഭരണങ്ങളില്‍ 3. 05 ലക്ഷം, 18 കാരറ്റ് ആഭരണങ്ങളില്‍ 5 കോടി 94 ലക്ഷം, 20 കാരറ്റ് 70.29 ലക്ഷം, 14 കാരറ്റ് 88.59 ലക്ഷം എന്നിങ്ങനെയാണ് എച്ച്യുഐഡി മുദ്ര പതിച്ചിട്ടുള്ളത്.
ഈ കാലയളവില്‍ കേരളത്തില്‍ 10 കോടിയോളം ആഭരണങ്ങളില്‍ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒമ്പത് കാരറ്റ് ആഭരണങ്ങള്‍ കൂടി എച്ച്യുഐഡി നിര്‍ബന്ധമാക്കുന്നതിനുള്ള നിര്‍ദ്ദേശം വന്നിട്ടുണ്ട്. വെള്ളി ആഭരണങ്ങളിലും മറ്റും ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി മുദ്ര പതിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഓള് ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ നിയമമനുസരിച്ച് 14 മുതല്‍ 24 കാരറ്റ് വരെയുള്ള ആഭരണങ്ങള്‍ വില്‍ക്കുന്നതിനാണ് അനുമതിയുള്ളത്. ഈ ആറ് കാരറ്റുകളില്‍ മാത്രമേ ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി പതിച്ചു നല്‍കുകയുള്ളൂ. അതില്‍ ഏറ്റവും കൂടുതല്‍ ആഭരണങ്ങളായി നിര്‍മിച്ചു വില്‍ക്കപ്പെടുന്നത് 22 കാരറ്റ് അഥവാ 916 ആഭരണങ്ങളാണ്. ഇന്ത്യക്കാര്‍ പൊതുവേ ഇഷ്ടപ്പെടുന്നതും 22 കാരറ്റ് ആഭരണങ്ങളാണ്.
24 കാരറ്റ് ആഭരണങ്ങള്‍ നിര്‍മിക്കപ്പെടുന്നത് കുറവാണ്. തങ്ക കട്ടികള്‍ ആയിട്ടാണ് കൂടുതലും വരുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ കൂടുതലും 18 കാരറ്റിലാണ് നിര്‍മിക്കപ്പെടുന്നത്.
സീമ മോഹന്‍ലാല്‍