ചക്കരക്കൽ: കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കടയിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ.മൗവഞ്ചേരി പള്ളിപൊയിൽ സർഫ്രാസാണ് (28) അറസ്റ്റിലായത്. സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
തിലാന്നൂർ സ്വദേശി വി.കെ. ശ്രീകലയുടെ (48) മാലയാണ് കവർന്നത്.പരാതിക്കാരിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ബാലാജി സ്റ്റോർ എന്ന കടയിൽ ബൈക്കിൽ സാധനം വാങ്ങാനെത്തിയ യുവാവ് ശ്രീകലയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.ശ്രീകല നിലവിളിച്ചപ്പോൾ പ്രതി അഞ്ചുപവൻ മാലയിൽ നിന്നും ഒന്നേകാൽ പവനോളം പൊട്ടിച്ച് രക്ഷപെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മഴക്കോട്ട് ധരിച്ച് ബൈക്കിൽ പോകുന്നയാളുടെ ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ, ആളെ വ്യക്തമായിരുന്നില്ല.
തുടർന്ന് ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താൻ സഹായിച്ചത്.അന്വേഷണ സംഘത്തിൽ പോലീസുകാരായ ബാബു പ്രസാദ്, അനീഷ്കുമാർ ചുള്ളേരി, നിധീഷ് ആലക്കണ്ടി, ഷിജു ചേലോറ എന്നിവരുമുണ്ടായിരുന്നു.