കൊച്ചി: നഗരത്തില്‍ വന്‍ കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ കുപ്രസിദ്ധ മോഷണ സംഘമായ ബാപ്പയും മക്കളും മോഷണ ഗ്യാങിലെ മകനും കൂട്ടാളികളും കൊച്ചിയില്‍ പിടിയില്‍. കോഴിക്കോട് ചക്കുംകടവ് സ്വദേശി ഫസലുദീന്റെ മകന് ഫാസിലിനെയും(23) സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശികളുമായ മുഹമ്മദ് തൈഫ് (20), ഷാഹിദ് (20), ഗോകുല്‍ (21) എന്നിവരെയുമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്ഐ സി. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
എറണാകുളം പ്രോവിഡന്‍സ് റോഡിലെ ഒരു വീട്ടില്‍നിന്ന് സംഘം ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് അതിനടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ കയറി മൊബൈല്‍ഫോണും വാച്ചും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് സംഘം. തൈഫ് 14 മോഷണക്കേസുകളിലെ പ്രതിയാണ്.
താമരശേരി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ തുടര്‍ച്ചായി ഭവനഭേദനം, ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ബൈക്ക് മോഷണം, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മോഷണം എന്നിവ നടത്തിയ ശേഷം സംഘം അടുത്തിടെ ബംഗളൂരുവിലേക്ക് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മോഷണം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് എത്തിയതായി പോലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് സംഘം മോഷണം നടത്തി മടങ്ങവേ പോലീസിന്റെ പിടിയിലായത്. നിലവില്‍ വിവിധ സ്റ്റേഷനുകളിലെ ആറു മോഷണക്കേസുകളില്‍ പ്രതികള്‍ ഒളിവിലാണ്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കൊയിലാണ്ടിയില്‍നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകളും എവിടെ ഒളിപ്പിച്ചുവെന്നതിനെ കുറിച്ചു പ്രതികള്‍ വിവരം നല്‍കിയിട്ടുണ്ട്. താമരശേരിയിലെ മൈക്രോ ലാബില്‍നിന്ന് 68,000 രൂപയും നാലു മൊബൈല്‍ ഫോണുകളും പ്രതികള്‍ മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു മൊബൈല്‍ ഫോണ്‍ സംഘത്തില്‍നിന്ന് സെന്‍്ട്രല്‍ പോലീസ് കണ്ടെടുത്തു.
സെന്‍ട്രിയല്‍ ബസാറില്‍ നിന്ന് ഒന്നര ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ച വിവരവും കൊയിലാണ്ടി സ്റ്റേഷന് പരിധിയില്‍നിന്ന് ഒരു ബുള്ളറ്റും സ്കൂട്ടറും മോഷ്ടിച്ച വിവരങ്ങളും പ്രതികള്‍ സമ്മതിച്ചു. ബംഗളൂരുവില്‍ മോഷണം നടത്തിയ ശേഷമാണ് സംഘം കൊച്ചിയില്‍ മോഷണം ലക്ഷ്യമിട്ട് എത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.