തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന തെരുവുനായ നിയന്ത്രണം സന്പൂർണ പരാജയത്തിലേക്ക്. പിഞ്ചുകുട്ടികളും വൃദ്ധരുമടക്കം ഈ വർഷം ജനുവരി മുതൽ മേയ് 31 വരെ 1.26 ലക്ഷം പേർ നായകളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
പേവിഷ ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ജനുവരി മുതൽ കഴിഞ്ഞ ജൂണ്‍ 26 വരെയുള്ള കണക്കനുസരിച്ച് 16 പേരാണ് പേവിഷബാധമൂലം മരിച്ചത്. 2016 മുതൽ 2024 ജൂണ്‍ വരെ സംസ്ഥാനത്ത് പേ വിഷബാധ മൂലം 114 പേർ മരിച്ചതായി തദ്ദേശ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ എട്ടു വർഷത്തിനിടെ 15.49 ലക്ഷം പേർ തെരുവു നായ്ക്കളുടെ കടിയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഓരോ വർഷം കഴിയും തോറും നായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ആനുപാതികമായി വർധിക്കുകയാണ്.
തെരുവുനായ നിയന്ത്രണത്തിന് അടക്കം നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളും ഇവരെക്കൊണ്ടു സമയബന്ധിതമായി നടപ്പാക്കിക്കുന്നതിൽ തദ്ദേശ വകുപ്പ് പരാജയപ്പെടുന്നതാണ് തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുമെന്ന് മന്ത്രിയായി ചുമതലയേറ്റെടുത്ത എം.ബി. രാജേഷ് വ്യക്തമാക്കിയെങ്കിലും പ്രഖ്യാപനം വാക്കുകളിൽ മാത്രം ഒതുങ്ങി.
2017ൽ 1. 35 ലക്ഷം പേർക്കാണ് തെരുവുനായകളുടെ കടിയേറ്റതെങ്കിൽ 2018ൽ ഇത് 1. 48 ലക്ഷമായും 2019ൽ 1. 61 ലക്ഷമായും ഉയർന്നു. 2021ൽ 2.21 ലക്ഷം പേർക്കും 2022ൽ 2.88 ലക്ഷം പേർക്കും തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റു. 2023 എത്തിയപ്പോഴേക്കും നായക ളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ വർഷം 3.06 ലക്ഷം പേർക്കാണ് നായകളുടെ കടിയേറ്റത്.
ഒരുമാസം ശരാശരി മൂന്നുപേരെങ്കിലും കേരളത്തിൽ പേവിഷബാധയേറ്റ് മരിക്കുന്നുവെന്ന ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്. സംസ്ഥാനത്തെ പല ആശുപത്രികളിലും പേ വിഷ ബാധ തടയുന്നതിനുള്ള വാക്സിൻ ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ഏറെ ചർച്ചയായിരുന്നു.
ഇറച്ചിമാലിന്യം അടക്കമുള്ളവ റോഡുകളിൽ തള്ളുന്നതും തെരുവുനായകളുടെ എണ്ണം വർധിക്കാനും ഇവ കൂടുതൽ ആക്രമണകാരികളാകാനും ഇടയാക്കുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സ്വന്തം ലേഖകൻ