ആലുവ: കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോളജ് വിദ്യാർഥിയുടെ മൊബൈൽ ഫോൺ സൈബർ പോലീസ് കസ്റ്റഡിയിലെടുത്തു. കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം എവറസ്റ്റ് ലൈനിൽ മനക്കുളങ്ങരപ്പറമ്പിൽ നാസറിന്റെ ഏക മകൻ ഹനീഷാ(18)ണ് ശനിയാഴ്ച തൂങ്ങി മരിച്ചത്.
ഇതിന് പിന്നിൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്നുള്ള മാനസിക സംഘർഷമാണെന്ന വിലയിരുത്തലിലാണ് സൈബർ വിഭാഗം അന്വേഷണം നടത്തുന്നത്. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായാണ് ഹനീഷ് മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചു തുടങ്ങിയത്.
ഹനീഷിന് വീടിന് സമീപം അടുത്ത കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. കൂടുതൽ സമയവും ഓൺലൈൻ ഗെയിം കളിയായിരുന്നു. ഇതേത്തുടർന്നുണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ജില്ലാ പോലീസ് മേധാവിയും ഹനീഷിനെയും പിതാവിനെയും കണ്ടിരുന്നു. ഹനീഷിനെ കൂടുതൽ ശ്രദ്ധിക്കണമെന്നും എസ്പി നിർദേശിച്ചിരുന്നു. ചാലാക്കയിലെയും തൊടുപുഴയിലെയും ചില ആശുപത്രികളിലും ചികിത്സിച്ചിരുന്നു.
പഠിക്കാൻ മിടുക്കനായിരുന്ന ഹനീഷ് ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കും. ഇന്റർനെറ്റ് ലഭിക്കാത്ത അവസരങ്ങളിൽ രൂക്ഷമായി പ്രതികരിക്കുമായിരുന്നു. ശനിയാഴ്ച വൈകിട്ടും അൽ അമീൻ കോളജിലേക്ക് ഫോൺ വിളിച്ച് കൺസഷൻ കാർഡിനെക്കുറിച്ച് തിരക്കിയിരുന്നു. വൈകിട്ട് 6.45ന് മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്.