മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ദക്ഷിണാഫ്രിക്കൻ മുൻ താരം മോണ്‍ മോർക്കൽ എത്തിയേക്കുമെന്നു സൂചന. ഇന്ത്യൻ ബൗളിംഗ് കോച്ചാകാൻ മോർക്കലിനെ ക്ഷണിച്ചതായാണ് വിവരം.
പുതുതായി നിയമിതനായ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനൊപ്പം പ്രവർത്തിച്ച പരിചയം മോർക്കലിനുണ്ട്. ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിലും ദക്ഷിണാഫ്രിക്കൻ ലീഗിൽ ഡർബൻ സൂപ്പർ ജയന്റ്സിലും ഗംഭീറും മോർക്കലും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ മുൻ മീഡിയം പേസർ വിനയ് കുമാറും ബിസിസിഐ പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
2006-2018 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ടീമംഗമായിരുന്നു മോർക്കൽ. 86 ടെസ്റ്റിൽനിന്ന് 309 വിക്കറ്റും 117 ഏകദിനത്തിൽനിന്ന് 188 വിക്കറ്റും സ്വന്തമാക്കി. പാക്കിസ്ഥാൻ ബൗളിംഗ് കോച്ചായുള്ള മുൻപരിചയവും മോർക്കലിനുണ്ട്.
അതേസമയം, ഗൗതം ഗംഭീറിനെ സഹായിക്കാൻ അസിസ്റ്റന്റ് കോച്ചുമാരായി ഇന്ത്യൻ മുൻ ഓൾറൗണ്ടർ അഭിഷേക് നായരും നെതർലൻഡ്സിന്റെ മുൻ ഓൾറൗണ്ടർ റയാൻ ടെൻദോസ്ഷെയും നിയമിതരായി. ഇന്ത്യക്കുവേണ്ടി മൂന്ന് ഏകദിനം കളിച്ചിട്ടുണ്ട് അഭിഷേക് നായർ.
ടെൻഡോസ്ഷെ 2006-2021 കാലഘട്ടത്തിലാണ് നെതർലൻഡ്സ് ടീമിൽ കളിച്ചത്. 33 ഏകദിനവും 24 ട്വന്റി-20യും നെതർലൻഡ്സിനുവേണ്ടി കളിച്ചു. ഏകദിനത്തിൽ 1541 റണ്‍സും 55 വിക്കറ്റും ട്വന്റി-20യിൽ 533 റണ്‍സും 55 വിക്കറ്റും ഉണ്ട്.