മൃഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തിന് പുതുമയല്ല. പഴയകാലത്ത് ജയനും നസീറും മുതല്‍ നീളുന്ന മൃഗങ്ങള്‍ അഭിനേതാക്കളായ ചിത്രങ്ങള്‍. 80കളില്‍ സൂപ്പര്‍ഹിറ്റായി ഓടിയ മമ്മൂട്ടി ചിത്രമാണ് മൃഗയ. പുലി പിടുത്തക്കാരന് വാറുണ്ണിയായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ചിത്രം ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് തിയറ്ററുകളെ ഇളക്കിമറിക്കുമ്പോള്‍ മൃഗയയുടെ അനുഭവങ്ങള്‍ ഐ.വി. ശശി പങ്കുവയ്ക്കുന്നു.
ലോഹിതദാസാണ് മൃഗയയുടെ കഥ പറയുന്നത്. ലോഹിക്ക് അറിയാവുന്ന ആളായിരുന്നു വാറുണ്ണി. ഇന്നത്തെപോലെ ഗ്രാഫിക്സും വിഎഫ്എക്സും ഒന്നും അക്കാലത്തില്ല. പുലിയെ ഉപയോഗിച്ചുള്ള രംഗങ്ങളെല്ലാം വളരെ സാഹസികമായിട്ടാണ് ഷൂട്ട് ചെയ്തത്. എന്നാല്‍ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ വലിയ വിവാദമായി.
മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചാണ് പുലിയുമായി മല്‍പ്പിടുത്തം നടത്തുന്നതെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ സത്യം അതല്ല, ആകെ രണ്ടു ഷോട്ടില്‍ മാത്രമാണ് മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചത്. ബാക്കി മുഴുവന്‍ സീനും യഥാര്‍ത്ഥമാണ്. ചെന്നൈയില്‍ നിന്നും ട്രെയിന്‍ ചെയ്തു കൊണ്ടുവന്ന പുലിയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. ആദ്യത്തെ രണ്ടു ദിവസം കുറച്ചു പേടിയുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി ധൈര്യത്തോടെ വെല്ലുവിളി ഏറ്റെടുത്തു.