കോഴിക്കോട്: വീണ്ടും ഭീതി പരത്തി നിപ മലപ്പുറം പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്, എന്തുകൊണ്ട് മലബാര്‍ മേഖലയില്‍ നിപ രോഗികള്‍ കൂടുന്നുവെന്ന്. സംസ്ഥാനത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നിപ വൈറസ് വേട്ടയാടിയത് കോഴിക്കോട്ടും മലപ്പുറത്തുമുള്ളവരെയാണ്. എറണാകുളത്ത് 2019ല്‍ ഒരാള്‍ മരിച്ച സംഭവം മാത്രമാണ് ഇതിനൊരപവാദം.
മലബാറിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് വാഹകര്‍ ഉള്ളതിനാലാണ് നിപ രോഗം വര്‍ധിക്കാന്‍ കാരണമെന്ന് സംസ്ഥാനത്ത് ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ട കോഴിക്കോട്ടെ ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ കേന്ദ്ര സംഘത്തിന്റെ തലവന്‍ ഡോ. എം.കെ. ഷൗക്കത്തലി പറഞ്ഞു. ഡോ. സുജിത്കുമാര്‍, ഡോ. ജെയിന് എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍. ഈ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണു ചങ്ങരോത്ത് രോഗബാധിതരുടെ സന്പർക്ക പട്ടിക തയാറാക്കിയതും പ്രോട്ടോകോള്‍ ഉണ്ടാക്കിയതും.
ഒരിടത്തുനിന്നു വിദൂരമായ മറ്റു സ്ഥലങ്ങളിലേക്കു ദേശാടനം നടത്തുന്നവയല്ല വവ്വാലുകളെന്ന് ഡോ. ഷൗക്കത്തലി പറഞ്ഞു. ഒരു സ്ഥലത്ത് ഒതുങ്ങിക്കൂടുന്നതാണ് ഇവയുടെ സ്വഭാവം. ആവാസകേന്ദ്രത്തെ ചുറ്റിപ്പറ്റിയാണ് കൂട്ടത്തോടെ ഇവയുടെ താമസം. കാടുകളിലും ഉയര്‍ന്ന മരങ്ങളുടെ ചില്ലകളിലും ഗുഹകളിലും ആള്‍താമസമില്ലാത്ത വീടുകളിലും വലിയ കെട്ടിടങ്ങളിലും പാലങ്ങളുടെ അടിവശത്തുമെല്ലാം ഇവ ചേക്കാറാറുണ്ട്.
ഒരു വവ്വാലില്‍നിന്നു മറ്റു വവ്വാലുകളിലേക്കു നിപ വൈറസുകള്‍ എത്തിപ്പെടും. കുഞ്ഞുങ്ങളിലേക്കു ജനിതകമായും എത്തും. ഇതാണു മലബാറിലെ വവ്വാലുകളില്‍ നിപ വൈറസ് പടരാന്‍ കാരണം. വൈറസ് ശരീരത്തില്‍ ഉള്ളതുകൊണ്ടു വവ്വാലുകളെ ബാധിക്കില്ല. അസുഖമോ മറ്റു ലക്ഷണങ്ങളോ ഉണ്ടാവില്ല. അവയുടെ സ്രവത്തിലൂടെയാണു വൈറസുകള്‍ മനുഷ്യരിലേക്കെത്തുന്നത്.
2018 മേയിലാണ് സൂപ്പിക്കടയില്‍ നിപ വൈറസ് ബാധയുണ്ടാകുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി ഉള്‍പ്പെടെ 17 പേര്‍ക്ക് അന്ന് ജീവഹാനി സംഭവിച്ചിരുന്നു. 2019ല്‍ എറണാകുളത്ത് ഒരാള്‍ നിപ ബാധിച്ചു മരിച്ചു. 2021-ല്‍ കോഴിക്കോട്ടെ ചൂലൂരിനടുത്ത പാഴൂരില്‍ പതിമൂന്നുകാരനും കഴിഞ്ഞ വര്‍ഷം മരുതോങ്കരയിലും ആയഞ്ചേരിയിലുമായി രണ്ടു പേരും നിപ ബാധിച്ചു മരണത്തിനു കീഴടങ്ങിയിരുന്നു. സൂപ്പിക്കടയില്‍ പഴംതീനി വവ്വാലുകളെ പിടികൂടി നടത്തിയ പരിശോധനയില്‍ 19 ശതമാനം വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
ചിലതില്‍ നിപ വൈറസിന്റെ ആന്റിബോഡിയും കണ്ടെത്തി. സംസ്ഥാനത്തെ വവ്വാലുകളില്‍ 33 ശതമാനവും നിപ വൈറസ് വാഹകരാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
പഴംതീനി വവ്വാലുകള്‍ രോഗവാഹകര്‍ ആയതിനാല്‍ നിരന്തര നിരീക്ഷണം വേണമെന്നു നിര്‍ദേശിച്ച് കേന്ദ്ര സംഘം അന്ന് സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആരോഗ്യ വകുപ്പ്, വനം വകുപ്പ്, വെറ്ററിനറി വകുപ്പ് എന്നിവയിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘം സ്ഥിരമായി വവ്വാലുകളെ പിടികൂടി പരിശോധനയ്ക്കു വിധേയമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ നിര്‍ദേശം കടലാസിലൊതുങ്ങുകയാണ്. മലബാറില്‍ ഒരിടത്തും ഇത്തരത്തില്‍ വവ്വാലുകളെ പിടികൂടിയുള്ള പരിശോധന നടക്കുന്നില്ല.
വവ്വാലുകള്‍ നാട്ടിലാകെ വര്‍ധിച്ചുവരികയാണ്. നിപ വൈറസ്ബാധ തടയുന്നതിനു വവ്വാലുകളെ കൊന്നൊടുക്കുക അസാധ്യമാണ്. അവയുടെ ആവാസകേന്ദ്രത്തിലേക്കു കടന്നുചെല്ലാതിരിക്കുകയാണ് ഇതില്‍ പ്രധാനം.
വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ഒരു കാരണവശാലും ഭക്ഷിക്കരുത്. ഏതെങ്കിലും തരത്തില്‍ മുറിവോ ചതവോ ഉള്ള പഴങ്ങളാണെങ്കില്‍ അവ കഴിക്കരുത്. വവ്വാലുകളുടെ സ്രവം സ്പര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
എം. ജയതിലകന്‍