പ്രണയവിവാഹങ്ങൾ ഇപ്പോഴും ചില കുടുംബങ്ങളിൽ അംഗീകരിക്കാറില്ല. എന്നാൽ ആളുകൾ ഇപ്പോൾ നിയമങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും മുമ്പത്തേക്കാൾ കൂടുതൽ ബോധവാന്മാരായതിനാൽ ഈ എതിർപ്പിനെ വകവയ്ക്കാറുമില്ലെന്നതാണ് സത്യം.
എന്നാൽ പ്രണയവിവാഹത്തിന് കുടുംബാംഗങ്ങൾ എന്തെങ്കിലും തടസം സൃഷ്ടിച്ചാൽ പോലീസിന്റെ സഹായം തേടാൻ പല ദമ്പതികളും മടിക്കാറില്ല. ഇതുകൊണ്ടാണ് ഇപ്പോൾ പോലീസ് സ്റ്റേഷനുകളിലും വിവാഹങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലാണ് ഇത്തരമൊരു സംഭവം അടുത്തിടെ നടന്നത്.
കാമുകനുമായുള്ള വിവാഹത്തിന് വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി അവരോട് മുഴുവൻ കഥയും പറഞ്ഞു. ഇതിനുശേഷം പോലീസ് യുവതിയുടെ വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തു. ഒടുവിൽ, വീട്ടുകാർ ഇവരുടെ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ അവർ പോലീസ് സ്റ്റേഷനിൽ വച്ച് വിവാഹിതരായി.
അടാര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന യുവതി കഴിഞ്ഞ 5 വർഷമായി മധ്യപ്രദേശിലെ ചിത്രകൂട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. പക്ഷേ അവളുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപര്യമില്ലായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി തങ്ങളെ വിവാഹം കഴിപ്പിക്കാൻ യുവതി പോലീസിനോട് ആവശ്യപ്പെട്ടു.
റിപ്പോർട്ടുകൾ പ്രകാരം വിവാഹത്തിന് മുമ്പ്, പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് വിവാഹത്തിന് സമ്മതിക്കാത്തതിന്റെ കാരണം തിരക്കിയിരുന്നു.
യുവാവിന് സാമ്പത്തികം കുറവാണെന്നും, ഇയാൾ പിന്നീട് അവളെ ഉപേക്ഷിച്ചാൽ പെൺകുട്ടിയുടെ അവസ്ഥ എന്താകുമെന്നുമാണ് കുടുംബത്തിന്റെ ആശങ്ക. ഇതിനെ കുറിച്ച് പോലീസ് ഇവരെ ബോധ്യപ്പെടുത്തിയതോടെ ഇരുകൂട്ടരും വിവാഹത്തിന് സമ്മതിച്ചു.
പിന്നീട് പോലീസ് സ്റ്റേഷൻ വളപ്പിൽ പണിത ക്ഷേത്രത്തിൽ വിവാഹം നടത്തി. വീട്ടുകാരുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ കമിതാക്കൾ പരസ്പരം ഹാരം കൈമാറി. തുടർന്ന് രേഖകൾ തയാറാക്കി ഒടുവിൽ വിവാഹം പൂർത്തിയാക്കി.