മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതുതായി നിയമിതനായ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, സൂപ്പർ താരം വിരാട് കോഹ്ലിയുമായുള്ളത് നല്ല ബന്ധമാണെന്നു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ പരിശീലകനായശേഷം ശ്രീലങ്കയ്ക്കെതിരായ പരന്പരയ്ക്കു പുറപ്പെടുന്നതിനു മുന്പ് നടത്തിയ പത്രസമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യമറിയിച്ചത്.
‘വിരാടും ഞാനും മുതിർന്ന രണ്ടാളുകളാണ്. ഞങ്ങൾ തമ്മിൽ ആരോഗ്യകരമായ ബന്ധമാണുള്ളത്. കളിക്കളത്തിൽ തങ്ങളണിയുന്ന ജഴ്സിക്കുവേണ്ടി പോരാടുക എന്നത് എല്ലാവരും ചെയ്യുന്നതാണ്’- ഗംഭീർ പറഞ്ഞു. ഐപിഎല്ലിനിടെ കോഹ്ലിയും ഗംഭീറും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ വിശധീകരണം.
- ക്യാപ്റ്റൻ സൂര്യ
ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് ടീമിനെ സൂര്യകുമാർ യാദവ് നയിക്കുന്നതിനെക്കുറിച്ച് ബിസിസിഐ സെലക്ടർ അജിത് അഗാർക്കർ വിശദീകരണം നൽകി.
കൂടുതൽ സമയം ടീമിനൊപ്പം ഉണ്ടാകുന്ന കളിക്കാരൻ എന്നതുൾപ്പെടെ പരിഗണിച്ചാണ് സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയതെന്ന് അഗാർക്കർ വ്യക്തമാക്കി.
ഹാർദിക് പാണ്ഡ്യയെ തഴഞ്ഞായിരുന്നു സൂര്യകുമാറിനെ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനാക്കിയത്. 26 മുതൽ ഇന്ത്യ x ശ്രീലങ്ക പരന്പര ആരംഭിക്കും. മൂന്നു വീതം ട്വന്റി-20യും ഏകദിനവുമാണ് പരന്പരയിലുള്ളത്.