പയ്യന്നൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വഞ്ചിച്ചെന്ന സഹോദരന്മാരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കാലിക്കടവ് പിലിക്കോട് സ്വദേശികളായ ശരത് കുമാര്‍, സഹോദരന് ശ്യാംകുമാർ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. ചെന്നൈ റെയില്‍വേയില്‍ മികച്ച ശന്പളത്തിലുള്ള ജോലി ശരിയാക്കി നല്‍കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. രണ്ടു പേരിൽനിന്നായി 53,70,000 രൂപയാണ് സംഘം തട്ടിയെടുത്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി ശരത്കുമാറില്നിന്നു പണമായും അക്കൗണ്ട് മുഖേനയും 35,20,000 രൂപയാണ് പ്രതികള്‍ കൈപ്പറ്റിയത്.
എന്നാല്‍, വാഗ്ദാനം ചെയ്ത ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നു ശരത്കുമാറിന്റെ പരാതിയില്‍ കണ്ണൂര്‍ മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ശരത്കുമാറിന്റെ സഹോദരന് ശ്യാംകുമാറിന്റെ പരാതിയില്‍ ശശി, അജിത്ത് എന്നിവര്‍ക്കെതിരേ പോലീസ് മറ്റൊരു കേസുമെടുത്തു. കഴിഞ്ഞ നവംബര്‍ 27 മുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി 18,50,000 രൂപ വാങ്ങി വഞ്ചിച്ചെന്നായിരുന്നു ശ്യാംകുമാറിന്റെ പരാതി.