വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാൻ തയാറെടുത്ത് വൈസ് പ്രസിഡന്റ് കമല ഹാരീസ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം നേടാൻ ഉദ്ദേശിക്കുന്നതായി അവർ അറിയിച്ചു.
ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തുന്നതിനായി രാജ്യത്തെ ഒന്നിപ്പിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും കമല ഹാരീസ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിൽനിന്ന് ബൈഡൻ പിന്മാറിയതിനു പിന്നാലെ അദ്ദേഹം കമല ഹാരീസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാർഥിയാകാൻ കഴിഞ്ഞാൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയും ആദ്യത്തെ ഏഷ്യൻ അമേരിക്കക്കാരിയുമായി കമല ഹാരീസ് മാറും. പ്രസിഡന്റിന്റെ പിന്തുണ ലഭിച്ചതിൽ അഭിമാനം. സ്ഥാനാർഥിത്വം നേടാനും വിജയിക്കാനും താൻ താത്പര്യപ്പെടുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു.
81 കാരനായ ബൈഡൻ മത്സരത്തിൽനിന്നു പിന്മാറുകയാണെന്നു ഞായറാഴ്ച പ്രഖ്യാപിച്ചതോടെയാണ് കമല ഹാരീസ് രംഗത്തേക്കുവന്നത്. ട്രംപുമായുള്ള സംവാദത്തിൽ പിന്നോട്ടുപോയതോടെയാണ് ബൈഡന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചോദ്യമുയർന്നത്.
ബൈഡന്റെ പിന്തുണയുണ്ടെങ്കിലും കമല ഹാരീസ് തന്നെ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിട്ടില്ല. പാർട്ടി പുതിയ സ്ഥാനാർഥിയെ നിശ്ചയിക്കുമോയെന്നതു സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.
ട്രംപിനെ പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിയെ വരും ദിവസങ്ങളിൽ സുതാര്യമായ നടപടികളിലൂടെ പാർട്ടി ഐകകണ്ഠ്യേന തെരഞ്ഞെടുക്കുമെന്ന് ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാൻ ജയിം ഹാരീസൺ പ്രസ്താവനയിൽ പറഞ്ഞു.
ബൈഡന്റെ പിന്തുണയിലൂടെ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിക്കാൻ കമല ഹാരിസിനു സാധിച്ചിട്ടുണ്ടെങ്കിലും അടുത്ത മാസം നടക്കുന്ന ഷിക്കാഗോ ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിലാണ് അന്തിമ തീരുമാനമുണ്ടാകുക.
ബിൽ ക്ലിന്റണും ഹിലരി ക്ലിന്റണും കമല ഹാരീസിന്റെ സ്ഥാനാർഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ബറാക് ഒബാമ ഇതുവരെ പിന്തുണ നൽകിയിട്ടില്ല. നാൻസി പെലോസിയും കമലയ്ക്കു പിന്തുണയുമായി രംഗത്തെത്തിയില്ല.
സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ് കമല ഹാരീസ് എത്തുന്നതിനെ സ്വാഗതം ചെയ്ത് ഇന്ത്യൻ സമൂഹം. ചരിത്രമുഹൂർത്തമെന്നാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഇതിനെ വിശേഷിപ്പിച്ചത്.
കമലയെ പിന്തുണച്ച് മുൻനിര ഡെമോക്രാറ്റിക് നേതാക്കൾ രംഗത്തെത്തി. ഇന്ത്യൻ വംശജയായൊരു നേതാവ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നത് തന്നെ ആവേശഭരിതനാക്കുന്നുവെന്ന് പ്രവാസി നേതാവ് എം.ആർ. രംഗസ്വാമി പറഞ്ഞു.
കമല ഹാരീസ് പ്രസിഡന്റായി എത്തുന്നത് ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിർണായകമാകുമെന്ന് വിദേശകാര്യ വിദഗ്ധൻ റോണക് ഡി. ദേശായി പറഞ്ഞു. വൈസ് പ്രസിഡന്റ് എന്ന നിലയിൽ അവർക്കു ധാരാളം അനുഭവസമ്പത്തുണ്ട്. ട്രംപിനെ മറികടക്കാൻ അവർക്ക് കഴിയും ദേശായി കൂട്ടിച്ചേർത്തു.