ചാലക്കുടി: ട്രെയിൻ വരുന്നതുകണ്ട് റെയിൽവേ മേൽപ്പാലത്തിൽനിന്ന് ചാലക്കുടിപുഴയിലേക്കു ചാടിയ മുക്കുപണ്ട തട്ടിപ്പ് സംഘത്തിലെ നാലു പേർ പിടിയിൽ. പെരുന്പാവൂരിൽനിന്നാണ് ആസാം സ്വദേശികളായ മോഷണസംഘത്തെ ചാലക്കുടി പോലീസ് പിടികൂടിയത്. ഇതിൽ ട്രെയിൻ തട്ടി പരിക്കേറ്റ ഒരാൾ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
ചാലക്കുടി പുഴയിലേക്ക് റെയിൽപാളത്തിൽനിന്നു ചാടിയ ഇവർ പുഴ നീന്തിക്കയറി ഓട്ടോയിലാണ് പെരുന്പാവൂരിലെത്തിയത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെ നാലുപേർ പാലത്തിൽനിന്നു പുഴയിൽ ചാടിയെന്നു ലോക്കോ പൈലറ്റ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തു പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അഗ്നിരക്ഷാസേനയും പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു.
പോലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വസ്ത്രങ്ങൾ നനഞ്ഞനിലയിൽ നാലുപേർ മുരിങ്ങൂരിൽ വന്ന് ഓട്ടോ വിളിച്ച് കൊരട്ടിയിൽ ചെന്നിറങ്ങിയതായ വിവരം ലഭിച്ചത്. ഇവരിൽ ഒരാളുടെ ദേഹത്തു പരിക്കുണ്ടായിരുന്നതായി ഓട്ടോഡ്രൈവർ പോലീസിനെ അറിയിച്ചു. അന്വേഷണത്തിൽ ഇവർ അങ്കമാലിയിലേക്കു പോയതായി മനസിലായി. അങ്കമാലിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ പരിക്കേറ്റയാൾ അങ്കമാലിയിലെ ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽവച്ച് സ്വർണം നൽകാമെന്നുപറഞ്ഞ് കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് നാലുലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ചുകൊണ്ട് റെയിൽവേ പാലത്തിലൂടെ ഓടുന്പോഴാണ് ട്രെയിൻ വരുന്നതു കണ്ട് നാലുപേരും പുഴയിലേക്കു ചാടിയത്. ഒരാളുടെ ദേഹത്ത് ട്രെയിൻ തട്ടുകയും ചെയ്തു.
നേരത്തേ പറഞ്ഞുറപ്പിച്ച ഇടപാടനുസരിച്ച് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെത്തി സ്വർണമാണെന്നുപറഞ്ഞ് വ്യാജസ്വർണം കൈമാറിയാണു തട്ടിപ്പ് നടത്തിയത്. രണ്ടുപേർ ചേർന്ന് സ്വർണം ഉരച്ചുനോക്കുന്നതിനിടെ കോഴിക്കോട് സ്വദേശിയുടെ പക്കലുണ്ടായിരുന്ന നാലുലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ചുകൊണ്ട് പ്രതികള് ഓടുകയായിരുന്നു. പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതിയുമായി എത്തിയപ്പോഴാണ്, ട്രെയിൻ വന്നപ്പോൾ പുഴയിൽ ചാടിയവർ കവർച്ചക്കാരാണെന്ന സംശയം ഉയർന്നത്.
ചാലക്കുടി പോലീസിന് കൈയടി
പുഴയിലേക്ക് നാലുപേർ ചാടിയെന്ന ലോക്കോപൈലറ്റിന്റെ മൊഴിയനുസരിച്ച് ആദ്യം വിശദമായി അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. എന്നാൽ അപ്പോഴേക്കും പണം നഷ്ടപ്പെട്ടവരുടെ പരാതി കിട്ടിയതോടെ ചാലക്കുടി പോലീസ് അന്വേഷണം സമീപപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിനിടെയാണ് ഓട്ടോഡ്രൈവർ നൽകിയ വിവരങ്ങൾ പ്രതികളെ കണ്ടെത്തുന്നതിന് നിർണായകമായത്. അധികം വൈകാതെ തന്നെ പ്രതികളിലേക്ക് പോലീസ് എത്തുകയായിരുന്നു.