കാട്ടാക്കട: സവാരി വിളിച്ച് പോയ ശേഷം ഓട്ടോക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ കാട്ടാക്കട പോലീസ് ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെയ്യാർഡാം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടതുമായ കോട്ടൂർ മുണ്ടണിനട എം. എൻ നഗറിൽ പ്രകാശൻ (38), കോട്ടൂർ മുണ്ടണിനട എംഎൻ നഗറിൽ പ്രദീപ് (30) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ ഒളി ങ്കേതത്തിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്തത്.
റാന്നി പോലീസ് സ്റ്റേഷനിലെ ഒരു കൊലപാതകക്കേസിൽ കോടതിയിൽ ഹാജരാകാതെ പിടികിട്ടാപുള്ളിയായി ഒളിവിൽ കഴിഞ്ഞ് വരവേയാണ് പ്രകാശ് പിടിയിലായത്.കഴിഞ്ഞ 11നു രാവിലെ നെടുമങ്ങാട് സ്വദേശിയായ ശിവകുമാറിന്റെ ഓട്ടോറിക്ഷ പ്രതികൾ സവാരിക്ക് വിളിച്ചത്.
ഉച്ചയോടെ കാപ്പിക്കാട് പത്താം ബ്ലോക്ക് എന്ന വിജനമായ സ്ഥലത്ത് വച്ച് ശിവകുമാർ ഓട്ടോകൂലി ചോദിച്ചപ്പോൾ ഇത് നൽകാതെ പ്രതികൾ ശിവകുമാറിനെ ക്രൂരമായി മർദിച്ച ശേഷം കൈവശം സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ശിവകുമാറിന്റെ നിലവിളി കേട്ട് ആൾക്കാർ വരുന്നത് കണ്ട് പ്രതികൾ സംഭവ സ്ഥലത്ത് നിന്നു രക്ഷപെട്ടു.
കാട്ടാക്കട ഡിവൈഎസ്പി ഷാജി, കാട്ടാക്കട പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഓ വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മനോജ്, ഗ്രേഡ് എസ്ഐ ഷാഫിർ ലബ്ബ. സിവിൽ പോലീസ് ഓഫീസർമാരായ ബിനു,രാജേഷ് എന്നിവർ ചേർന്ന് അതിസാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.