മഴുവിന്റെ ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട അമൂല്യവനഗണത്തിൽപ്പെടുന്ന അഗസ്ത്യവനം ഐക്യരാഷ്ട്ര സഭയുടെ പൈത്യക പദവിയിലാണ്. ലോകത്തിലെ ബയോസ്പിയർ വനമായി അഗസ്ത്യമലയെ ഐക്യരാഷ്ട്ര സഭയുടെ യുനസ്കൊ പ്രഖ്യാപിച്ചതോടെ ഈ മഴക്കാടുകൾ ആഗോള പ്രശസ്തിയിലേക്ക് വളർന്നിരിക്കുകയാണ്.
പെറുവിൽ ചേർന്ന ഇന്റർനാഷണൽ കോ-ഓർഡിനേറ്റിംഗ് കൗൺസിൽ ഓഫ് മാൻ ആൻഡ് ബയോസ്പിയർ ആണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽപ്പെട്ട നെയ്യാർ വന്യജീവി സങ്കേതത്തിൽപ്പെട്ടതാണ് അഗസ്ത്യകൂട പർവതം. പർവതത്തിന് താഴെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മഴക്കാടുകൾ ലോകത്തിലെ സംരക്ഷണം അർഹിക്കുന്ന വനമായി കണക്കാക്കുന്നു.
രണ്ടായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അഗസ്ത്യമല ലോകമെമ്പാടും അറിയപ്പെടുന്ന 161 മഴ വനങ്ങളിൽ ഉൾപ്പെട്ടതാണ് എന്നത് ഇതിന്റെ സവിശേഷത തെളിയിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം ആമസോൺ തടങ്ങളിലും കൊളംബിയ, ക്യൂബ, ഇക്വഡോർ, പെറു, മധ്യ അമേരിക്ക, ബ്രസീൽ, ദക്ഷിണ പൂർവേഷ്യ, വടക്കുകിഴക്കേഷ്യ, മലേഷ്യ, തായ്ലാൻഡ്, സുമാത്ര, ന്യൂഗിനി, സാബാ, ആസ്ത്രേലിയ, ശ്രീലങ്ക, എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംരക്ഷണമർഹിക്കുന്ന മഴ വനങ്ങളുടെ കൂട്ടത്തിലും അഗസ്ത്യമലനിരകൾ സ്ഥാനം പിടിച്ചു.
നെയ്യാർ, പേപ്പാറ, കോട്ടൂർ, മുണ്ടൻതുറൈ, കളയ്ക്കാട്, മഹേന്ദ്രഗിരി, മുക്കോത്തി വയൽ, പാപനാശം, ശിങ്കംപെട്ടി, കളമലൈ, വീരപുലി, അഷാംബു വനങ്ങൾ എന്നിവയാണ് അഗസ്ത്യകൂടത്തിന്റെ ഭാഗങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ പൊക്കമുള്ള അഗസ്ത്യകൂട പർവതം നിരവധി നദികളുടെ അമ്മയാണ്.
നെയ്യാർ, കരമനയാർ, താമ്രപർണി ,കോതയാർ, കല്ലാർ തുടങ്ങിയ വൻ നദികൾക്കും അസംഖ്യം ചെറു നദികൾക്കും ജന്മമേകുന്ന ഈ മലനിരകളുടെ ഭാഗമാണ് നാച്ചിയാർമൊട്ട, മഞ്ഞപ്പുല്ല്, ഏഴുമടക്കൻതേരി തുടങ്ങി ഒട്ടേറെ പുൽമേടുകളും ഇലപൊഴിയും കാടുകളും മുൾവനങ്ങളും ഒക്കെ.
നെയ്യാർ, പേപ്പാറ, കോട്ടൂർ, മുണ്ടൻതുറൈ, കളയ്ക്കാട്, മഹേന്ദ്രഗിരി, മുക്കോത്തി വയൽ, പാപനാശം, ശിങ്കംപെട്ടി, കളമലൈ, വീരപുലി, അഷാംബു വനങ്ങൾ എന്നിവയാണ് അഗസ്ത്യകൂടത്തിന്റെ ഭാഗങ്ങൾ. പ്രകൃതിദത്തമായ വേലികെട്ടുകൾക്കുള്ളിൽ വൈവിധ്യമാർന്ന ഉയർച്ച താഴ്ചകളുള്ള ഈ മലനിരകളിലെ പ്രത്യേക കാലാവസ്ഥയും മഴയുടെ സ്വഭാവവും തീർത്തും അമൂല്യമായ സസ്യശേഖരം തന്നെ ഉണ്ടാക്കികൊടുത്തു.
വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന 400 ഇനം സസ്യങ്ങൾ അഗസ്ത്യമലയിൽ ഉണ്ടെന്ന് കണ്ടെത്തിയ പഠനവും ഈ പ്രഖ്യാപനത്തിന്റെ പിന്നിലുണ്ട്. ഇതിൽ 125 എണ്ണവും ഓർക്കിഡുകളാണ്. ലേഡീസ് സ്പ്പിലർ എന്നു വിളിക്കുന്ന ഡ്രൂറി ഓർക്കിഡ് ഇവിടെ മാത്രമേ കാണാൻ കഴിയു. ആരോഗ്യപച്ച എന്ന അപൂർവയിനം സസ്യത്തെ ലോകത്തിന് സമ്മാനിച്ചതും ഇവിടെ നിന്നാണ്.
അപൂർവയിനം കാപ്പി, നെൽചെടി, ഇഞ്ചി, ഏലയ്ക്ക എന്നിവ ഇവിടെ നിന്നാണ് അതിന്റെ പൂർവയിനത്തെ കണ്ടെത്തിയതും പരീക്ഷണത്തിനുശേഷം വ്യത്യസ്ത ഇനങ്ങളായി കർഷക സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതും. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന 35 ഇനങ്ങൾ അഗസ്ത്യമലയിൽ ഉണ്ടെന്ന് പഠനം കാണിക്കുന്നു. ഔഷധ സസ്യങ്ങൾക്ക് ഏറെ പ്രശസ്തമാണ് ഈ വനഭൂമി.
മാറാവ്യാധികൾക്കുള്ള ഒറ്റ മൂലികളും അപൂർവങ്ങളായ സസ്യങ്ങളും ഇവിടുണ്ട്. ഒരൊറ്റ ദിസം കൊണ്ട് ജനിച്ച് വളർന്ന് പുഷ്പിച്ച് മരിക്കുന്ന സസ്യവും ഇവിടുണ്ട്.
എരുമയുടെ മാത്രം വലുപ്പമുള്ള കുള്ളനാന ഇവിടുണ്ട്. കോഴിപ്പൂവൻ പാമ്പ്, ഇരുതലമൂഴി പാമ്പ്, അപൂർവയിനം ചിത്രശലഭങ്ങൾ വിവിധയിനം തവളകൾ തുടങ്ങി വൈവിധ്യമാർന്ന ജീവന്റെ സഞ്ചയമാണ് ഈ മലമടക്കുകൾ. ഇവിടെയാണ് കളക്കാട് മുണ്ടൻ തുറെ കടുവാ സങ്കേതവും.
ജൈനമതവും ബുദ്ധമതവും ഒക്കെ കടന്നു വന്നതും ഈ മലനിരകൾ വഴിയാണ്. ഇവിടെ നിരവധി ബുദ്ധവിഹാരങ്ങളും ജൈന വിഹാരങ്ങളും ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
അത്സമയം ഈ പൈതൃക വനത്തിന് ഭീഷണിയുമുണ്ട്. കാട്ടുമൃവേട്ട നടത്തുന്നവർ കാരണമുണ്ടാകുന്ന കാട്ടുതീ ഇവിടുത്തെ ജലസമ്പത്തിന്റെ ഉറവിടമായ പുൽമേടുകളെ ഇല്ലാതാക്കുന്നു. അശാസ്ത്രീയ വന വിഭവശേഖരണക്കാർ കടന്നുകയറുന്നതും ഈ വനത്തിന്റെ നിലനിൽപിനെ ബാധിക്കുന്നു.
കോട്ടൂർസുനിൽ