കൊച്ചി: സഹോദരന്റെ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ ഒഴിവാക്കി. പകരം 30 വര്‍ഷം ഇളവില്ലാത്ത കഠിനതടവാക്കി മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട കീക്കൊഴൂരില്‍ മുറിമാടത്തേത്ത് തോമസ് ചാക്കോയ്ക്ക് (ഷിബു-50) പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഒഴിവാക്കിയത്.
ഇളയ സഹോദരന് മാത്യു ചാക്കോയുടെ മക്കളായ മെല്ബിന് (ഏഴ്), മെബിൻ (മൂന്ന്) എന്നിവരെ പ്രതി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2013 ഒക്ടോബര്‍ 27 ന് കുടുംബ വീട്ടിലെത്തിയ പ്രതി മുറ്റത്തു നിന്ന രാണ്ടാംക്ലാസുകാരന് മെല്‍ബിനെയാണ് ആദ്യം ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച അമ്മ ബിന്ദുവിന്റെ കണ്ണില്‍ മുളകുപൊടി വിതറി കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് വീടിനകത്തുണ്ടായിരുന്ന അങ്കണവാടി വിദ്യാര്‍ഥി മെബിനെയും കൊലപ്പെടുത്തി.
തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിച്ച് വീട് തീവച്ച് ചാമ്പലാക്കി. ഇതിനു ശേഷം പ്രതി വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. സംഭവ സമയത്ത് താന്‍ ശരിയായ മാനിസാകാവസ്ഥയില് അല്ലായിരുന്നുവെന്നും കുട്ടികളെ കൊല്ലുകയെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നുമാണു പ്രതിയുടെ വാദം. എന്നാല്‍, ഈ വാദം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ശരിവച്ചു.
പ്രതിയുടെ മാനസിക സാമൂഹിക പഠന റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണു കോടതി വിഷയം വിലയിരുത്തിയത്. ജയില്‍ സൂപ്രണ്ട്, മനഃശാസ്ത്ര വിദഗ്ധന്‍, പ്രൊബേഷന്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ ഇതിന്റെ ഭാഗമായി കോടതി പരിശോധിച്ചു. തുടര്‍ന്നാണു വധശിക്ഷ ഒഴിവാക്കിയത്.
എന്നാല്‍ സ്വന്തം സഹോദരന്റെ പിഞ്ചു കുട്ടികളെയാണു പ്രതി കൊലപ്പെടുത്തിയതെന്നത് അവഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ഇളവുകളില്ലാതെ 30 വര്‍ഷം കഠിന തടവ് എന്ന തരത്തില്‍ ശിക്ഷാ ഇളവ് അനുവദിച്ചത്. അഞ്ചു ലക്ഷം രൂപ പിഴയൊടുക്കുകയോ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കുകയോ വേണം.