കൊല്ലം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുമായ സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ സംവിധാനങ്ങൾ ഒരുക്കി കേരള പോലീസിന്റെ പോൽ ആപ്പ്. പുതിയ നിർദേശങ്ങൾ ഇന്നലെ ആപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റായി കുറിച്ചിട്ടുണ്ട്.
കേരള പോലീസിന്റെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പോല്‍ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍ ഇതിനകം നിലവിൽ ഉണ്ട്. ആപത്ഘട്ടങ്ങളില്‍ അടിയന്തരമായി പോലീസിനെ വിവരം അറിയിക്കാന്‍ വേണ്ടിയുള്ളതാണ് എസ്ഒഎസ് സംവിധാനം.
എസ്ഒഎസ് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ലൊക്കേഷനോടുകൂടിയ സന്ദേശം പോലീസിന്റെ അടിയന്തര സഹായ സംവിധാനത്തിൽ ലഭിക്കും. ഉടന്‍ തന്നെ പോലീസ് കണ്ട്രോള് റൂമില്‍ നിന്ന് തിരികെ വിളിക്കുകയും വിവരം അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും.
നിങ്ങളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനില്‍ നിന്ന് ഉടൻ സഹായം എത്തിക്കുകയും ചെയ്യും. സേവനം ഉപയോഗിക്കുന്നതിന് മുമ്പായി എമര്‍ജന്‍സി കോണ്ടാക്ട് നമ്പരുകള്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ലൊക്കേഷന്‍ പങ്കിട്ടുകൊണ്ടുള്ള ഒരു സന്ദേശം ആ നമ്പറിലേയ്ക്കും ലഭിക്കുന്നതായിരിക്കും.
യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ട്രാക്ക് മൈ ട്രിപ്പ് എന്ന സേവനവും ലഭ്യമാണ്. നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരിന്റെ ഫോട്ടോ എടുത്ത് ആപ്പില്‍ സേവ് ചെയ്തിരിക്കുന്ന എമര്‍ജന്‍സി കോണ്ടാക്ട് നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്. അതുവഴി യാത്ര നിരീക്ഷിക്കുവാന്‍ കഴിയും. യാത്രാമധ്യേ പോലീസിന്റെ സേവനം ആവശ്യമായി വന്നാല്‍ എസ്ഒഎസ് സംവിധാനം ഉപയോഗിക്കാം.
തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ സുരക്ഷയുറപ്പാക്കാനും സഹായത്തിനുമായി സിംഗിള്‍ വുമണ്‍ ലിവിങ് എലോണ്‍ എന്ന സേവനവും ഉപയോഗിക്കാം. അതിനായി സേവനം വേണ്ടയാളുടെ തിരിച്ചറിയല്‍ രേഖയും അഡ്രസ്സും താമസിക്കുന്ന ജില്ലയും പോലീസ് സ്റ്റേഷന് പരിധി ഏതാണെന്നുമുള്ള വിവരങ്ങള്‍ ആപ്പില്‍ നല്കിയാല് ജനമൈത്രി പോലീസിന്റെ സഹായം ലഭിക്കും.
സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറെ കാണുന്നതിനായി പോല്‍ ആപ്പിലൂടെ അപ്പോയിന്മെന്റ് എടുക്കാന്‍ സാധിക്കും. അതിനായി അപ്പോയിന്മെന്റ് വിത്ത് എസ്എച്ച്ഒ എന്ന സേവനം ലഭ്യമാണ്. എസ് എച്ച്ഓയെ കാണേണ്ട തീയതിയും സമയവും ആപ്പിലൂടെ തെരഞ്ഞെടുക്കാവുന്നതാണ്.
ഇവ കൂടാതെ പുതിയ സ്ഥലങ്ങളിലേക്ക് പോവുകയാണെങ്കില്‍ ആ സ്ഥലത്തെ പോലീസ് സ്റ്റേഷനും അനുബന്ധ വിവരങ്ങളും ടൂറിസ്റ്റ് ഗൈഡ് എന്ന സേവനത്തിലൂടെ ലഭ്യമാണ്. കൂടാതെ പിങ്ക്. പട്രോള്‍, അപരാജിത, ദിശ, സൈബര്‍ ക്രൈം ഹെല്പ് ലൈന്‍ തുടങ്ങിയ സേവനങ്ങളുടെ നമ്പറും ആപ്പില്‍ നിന്ന് ലഭിക്കും. പോല്‍ ആപ്പിലെ മറ്റു സേവനങ്ങള്‍ക്ക് പുറമെയാണ് സ്ത്രീകളുടെ സുരക്ഷ മുന്നില്‍നിര്‍ത്തി ഈ സേവനങ്ങള്‍കൂടി ലഭ്യമാക്കുന്നത്.