ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിനെതിരായ പ്രതിഷേധത്തിൽ നിലപാടു കടുപ്പിച്ച് കോൺഗ്രസ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടു കാണിക്കുന്ന വിവേചനത്തിനെതിരേ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്റിലും പുറത്തും പ്രതിഷേധിക്കും.
27നു നടക്കുന്ന നീതി ആയോഗ് യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിട്ടുവിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാടും യോഗത്തിൽ പങ്കെടുക്കില്ല.
“ബജറ്റ്’ എന്ന ആശയംതന്നെ തകർത്തുകൊണ്ടുള്ളതാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റെന്നും മിക്ക സംസ്ഥാനങ്ങളോടും എൻഡിഎ സർക്കാർ വിവേചനമാണു കാണിക്കുന്നതെന്നും കോൺഗ്രസ് നേതാവും എംപിയുമായി കെ.സി. വേണുഗോപാൽ പറഞ്ഞു. ഫെഡറലിസത്തിന്റെയും നീതിയുടെയും തത്വങ്ങൾക്കു വിരുദ്ധമായി ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമാണെന്ന് വേണുഗോപാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നീതി ആയോഗ് യോഗത്തിൽനിന്നു വിട്ടുനിൽക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ബജറ്റിൽ കർണാടക സർക്കാരിനോടു കാണിച്ചത് കടുത്ത അനീതിയാണ്. ഏറ്റവും കൂടുതൽ നികുതിയിനത്തിൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും കർണാടകത്തിനു കടുത്ത അവഗണനയാണു നേരിടേണ്ടി വന്നതെന്നു സിദ്ധരാമയ്യ പറഞ്ഞു.
ധനമന്ത്രി നിര്‍മല സീതാരാമന് ഇന്നലെ അവതരിപ്പിച്ച ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിനെ പിന്താങ്ങുന്ന ജെഡിയുവും ടിഡിപിയും ഭരിക്കുന്ന ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്കു പ്രത്യേകപരിഗണന നൽകിയിരുന്നു. ഇതിനെതിരേ വ്യാപകമായ വിമർശനമാണ് ഉയർന്നിട്ടുള്ളത്.