കൊച്ചി: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്പന നടത്തിയ കേസില്‍ അറസ്റ്റിലായ കാക്കനാട് തുതിയൂര്‍ സ്വദേശി രാഹുല്‍ രമേശ് (30) മയക്കുമരുന്നു ഗുളിക വിറ്റിരുന്നത് വന്‍ തുകയ്ക്ക്. നാല് രൂപ വിലയുള്ള ഒരു മയക്കുമരുന്ന് ഗുളിക ഒന്നിന് 200 രൂപയ്ക്കാണ് ഇയാള്‍ മറിച്ച് വിറ്റിരുന്നത്.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എറണാകുളം സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും 58 (31 ഗ്രാം) നെട്രോസെപാം ഗുളികകളും ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ ഛര്‍ദ്ദിക്കാതിരിക്കാനുള്ള ഫിനര്‍ഗാന്‍ ആംപ്യൂളുകള്‍, സ്റ്റെര്‍ലിംഗ് വാട്ടര്‍, നിരവധി സിറിഞ്ചുകള്‍, മയക്കുമരുന്ന് ഇടപാട് നടത്താന്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണ്‍, ഓട്ടോറിക്ഷ എന്നിവയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. മാരക ലഹരിയിലായിരുന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കസ്റ്റഡിയില്‍ എടുക്കാനായത്.
ഓട്ടത്തിനിടെ വില്പന
ആവശ്യക്കാരെ ഓട്ടോയില്‍ കയറ്റി വണ്ടി ഓടിച്ച് മുന്നോട്ട് പോകുകയും ഓട്ടത്തിനിടയില്‍ പണം വാങ്ങിയതിന് ശേഷം മയക്കുമരുന്ന് കൈമാറി തിരികെ ആവശ്യക്കാരന് കയറിയ സ്ഥലത്ത് തന്നെ ഇറക്കി വിടുന്നതുമായിരുന്നു ഇയാളുടെ വില്പന രീതി.
ഓട്ടോ സവാരി നടത്തുന്ന പ്രതീതി ഉണ്ടാക്കാനാണ് ഇത്തരത്തില്‍ ചെയ്തിരുന്നതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. നിരവധി ലഹരിക്കേസില്‍ പ്രതിയാണ് രാഹുല്‍. കഴിഞ്ഞ ആഴ്ച കാക്കനാട് ചിറ്റേത്തുകര ഭാഗത്തുനിന്നും പിടിയിലായ യുവാവില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയാണ് അറസ്റ്റിലേക്ക് എത്തിച്ചത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തുതിയൂരില്‍ വച്ച് ഐടി ഉദ്യോഗസ്ഥനില്‍നിന്ന് രാസലഹരി പിടി കൂടി കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ ഇയാള്‍ എക്സൈസ് ഉദ്ദ്യോഗസ്ഥര്‍ക്ക് നേരെ വിദേശ ഇനം പട്ടിയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
കൂടുതല്‍ അറസ്റ്റിന് സാധ്യത
പ്രതിക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷണര്‍ ജിമ്മി ജോസഫ് പറഞ്ഞു.
പ്രദേശവാസികളായ നിരവധി യുവാക്കള്‍ മയക്കുമരുന്ന് കച്ചവടത്തില്‍ സഹായികളായി നിന്നിട്ടുണ്ടെന്നും മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി.
എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ വി.പി. മനൂപ്. , സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, എറണാകുളം റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.കെ. അരുണ്‍, സിഇഒ പി. പത്മഗിരീശന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അത്യന്തം വിനാശകാരിയായ ഗുളിക
ഇന്‍സോംനിയ, അമിത ഭയം, ഉത്കണ്ഠ തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന നെട്രോസെപാം ഗുളികകള്‍ അത്യന്തം വിനാശകാരിയാണ്.
ഷെഡ്യൂള്‍ഡ് എച്ച് 1 വിഭാഗത്തില്‍പ്പെടുന്ന ഇവ വളരെ അപൂര്‍വ്വം മെഡിക്കല്‍ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഇവയുടെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും എന്നതാണ് യുവതിയുവാക്കള്‍ ഇതിലേക്ക് ആകൃഷ്ടരാകാന്‍ കാരണം.
ഇതിന്റെ അനാവശ്യമായ ഉപയോഗം അമിത രക്ത സമര്‍ദ്ദത്തിനും നാഡീവ്യൂഹങ്ങള്‍ക്ക് സാരമായ ക്ഷതം സംഭവിക്കാനും മൂകമായ അവസ്ഥയില്‍ എത്തിച്ചേരാനും ഇതേ തുടര്‍ന്ന് ഹൃദയാഘാതം വരെ സംഭവിക്കാന്‍ കാരണമാകും.
ഈ മയക്ക് മരുന്ന് ഗുളികകള്‍ ട്രിപ്പിള്‍ പ്രിസ്ക്രിപ്ഷന് വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിള്‍ പ്രിസ്ക്രിപ്ഷനുകളില്‍ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്.