കോട്ടയം: മെഡിക്കല്‍ കോളജിലെ നഴ്സിംഗ് ഓഫീസറുടെ പിഎഫ് തുക തട്ടിയെടുക്കുവാന്‍ ശ്രമം. കേരള ഗവണ്മെന്റ് നഴ്സിംഗ് അസോസിയേഷന് (കെജിഎന്‍എ) നേതൃത്വരംഗത്തുളളയാളും കോവിഡ് സമയത്തു രോഗികളെ പരിചരിച്ചതിന്റെ പേരില്‍ പ്രശംസ പിടിച്ചുപറ്റുകുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത ഇടുക്കി ജില്ലക്കാരിയായ നഴ്സിംഗ് ഓഫീസറുടെ പിഎഫില്‍ നിന്നാണ് പണം തട്ടിയെടുക്കുവാന്‍ ശ്രമം നടന്നത്.
കഴിഞ്ഞ മേയ് അവസാനമായിരുന്നു സംഭവത്തിന്റെ തുടക്കം. പിഎഫ് തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥ നഴ്സിംഗ് ഓഫീസറെ വിളിക്കുകയായിരുന്നു. നിങ്ങളുടെ പേരില്‍ പിഎഫില്‍നിന്നു പണം പിന്‍വലിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു.
സാധാരണഗതിയില്‍ പിഎഫില്‍നിന്നു പണം പിന്‍വലിക്കാന്‍ അപേക്ഷ നല്കിയാല് പണം കിട്ടുന്നതുവരെ ഓഫീസില്‍ കയറിയിറങ്ങേണ്ടിവരും. എന്നാല്‍ നഴ്സിംഗ് ഓഫീസര്‍ അന്വേഷിക്കാതിരിക്കുകയും മേലുദ്യോഗസ്ഥന് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരിയിൽ പലതവണ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തപ്പോൾ സംശയം തോന്നിയ ജീവനക്കാരി നഴ്സിംഗ് ഓഫീസറെ ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.
രണ്ടു രീതിയിലാണ്പിഎഫിൽനിന്നു പണം പിന്‍വലിക്കുന്നതിന് അപേക്ഷ നല്‍കുന്നത്. ഒന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനു നിശ്ചിതമാതൃകയിൽ അപേക്ഷ നല്‍കുക. അല്ലെങ്കിൽ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. ഓണ്‍ലൈന്‍ ആണെങ്കില്‍ പിന്‍നമ്പര്‍, പിഎഫ് അക്കൗണ്ട് നമ്പര്‍, ലിങ്ക്ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം.
എന്നാല്‍ താന്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നും പി എഫ് സംബന്ധിച്ച് ഫോണ്‍ നമ്പര്‍ അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥനും സെക്ഷന്‍ കൈകാര്യം ചെയ്യുന്നവരും അറിഞ്ഞു കൊണ്ടു മാത്രമേ തട്ടിപ്പ് നടത്തുവാന്‍ കഴിയൂവെന്നും നഴ്സിംഗ് ഓഫീസര്‍ പറഞ്ഞു.
തുടര്‍ന്ന് നഴ്സിംഗ് ഓഫീസർ ആശുപത്രി അധികൃതര്‍ക്കു പരാതി നല്കി. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്ന് പോലീസ് സൈബര്‍ സെല്ലിൽ പരാതി നല്കി. ഇതിന്റെ ഭാഗമായി പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രി ഓഫീസിലെത്തി ബന്ധപ്പെട്ടു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.
എന്നാല്‍ ആശുപത്രി അധികൃതര്‍ വകുപ്പുതല അന്വേഷണം നടത്തിയില്ല. സാധാരണ ആശുപത്രി അധികൃതര്‍ക്ക് ഒരു പരാതി ലഭിച്ചാല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ വാസ്തവം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉന്നത തലത്തിലേക്ക് കൈമാറണം എന്നതാണു ചട്ടം.
തന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി അധികൃതരെ കണ്ടപ്പോള്‍ മോശം ഇടപെടലുകളാണുണ്ടായെതെന്നു നഴ്സിംഗ് ഓഫീസര്‍ പറഞ്ഞു. ആശുപത്രി ഓഫീസ് ജീവനക്കാരുടെ വിശ്വസ്തത തകര്‍ക്കുവാന്‍ ശ്രമിച്ചെന്ന പേരില്‍ നിങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നു പറഞ്ഞ് നഴ്സിംഗ് ഓഫീസറെ അപമാനിക്കുകയായിരുന്നു.