കൊല്ലം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പോല്‍ ആപ്പില്‍ കൂടുതല്‍ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരള പോലീസ്. യാത്രചെയ്യുന്ന സ്ത്രീകളുടെയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നു പോലീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ‘ട്രാക്ക് മൈ ട്രിപ്പ് ’, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കു സുരക്ഷയ്ക്കും സഹായത്തിനുമായി ‘സിംഗിള്‍ വുമണ്‍ ലിവിംഗ് എലോണ്‍’, സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറെ നേരിൽ കാണുന്നതിന് ‘അപ്പോയിന്മെന്റ് വിത്ത് എസ്എച്ച്ഒ’ എന്നീ സൗകര്യങ്ങളാണു പുതുതായി ഒരുക്കിയിട്ടുള്ളത്.
ആപല്‍ഘട്ടങ്ങളില്‍ അടിയന്തര സുരക്ഷയ്ക്കായി പോലീസിനെ അറിയിക്കാനുള്ള എസ്ഒഎസ് ബട്ടണ്‍ സംവിധാനം നേരത്തേതന്നെ പോൽ ആപ്പിൽ ഏർപ്പെടുത്തിയിരുന്നു. ആപ്പിലെ മറ്റു സേവനങ്ങള്‍ക്ക് പുറമേയാണു സ്ത്രീകളുടെ സുരക്ഷ മുൻനിര്‍ത്തി ഈ സേവനങ്ങള്‍കൂടി ലഭ്യമാക്കിയിട്ടുള്ളത്.
ട്രാക്ക് മൈ ട്രിപ്പ്
സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പർ ഫോട്ടോ എടുത്ത് ആപ്പില്‍ സേവ് ചെയ്തിട്ടുള്ള എമര്‍ജന്‍സി കോണ്ടാക്ട് നമ്പറിലേക്ക് അയയ്ക്കാം. അതുവഴി യാത്ര നിരീക്ഷിക്കാന്‍ കഴിയും. യാത്രാമധ്യേ പോലീസിന്റെ സേവനം ആവശ്യമായി വന്നാല്‍ എസ്ഒഎസ് സംവിധാനം ഉപയോഗിക്കാം. ഉടൻ പോലീസ് കൺട്രോൾ റൂമിൽനിന്ന് തിരികെ വിളിക്കും. തുടർ നടപടികളും ഉടൻ ഉണ്ടാകും.
സിംഗിള്‍ വുമണ്‍ ലിവിംഗ് എലോണ്‍
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ സുരക്ഷയുറപ്പാക്കാനും സഹായത്തിനുമായി സിംഗിള്‍ വുമണ്‍ ലിവിംഗ് എലോണ്‍ എന്ന സേവനം ഉപയോഗിക്കാം. ഈ സേവനം ആവശ്യമുള്ളവർ അവരുടെ തിരിച്ചറിയല്‍ രേഖയും മേല്‍വിലാസവും താമസിക്കുന്ന ജില്ലയും പോലീസ് സ്റ്റേഷന് പരിധിയും അടക്കമുള്ള വിവരങ്ങള്‍ ആപ്പില്‍ നല്കിയാല് ജനമൈത്രി പോലീസിന്റെ സഹായം ലഭിക്കും.
അപ്പോയ്ന്റ്മെന്റ് വിത്ത് എസ്എച്ച്ഒ
സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറെ നേരിൽ (സിഐ) കാണുന്നതിന് ആപ്പിലൂടെ അപ്പോയിന്മെന്റ് എടുക്കാനും ഇനി മുതൽ സാധിക്കും. അതിനാണ് അപ്പോയിന്മെന്റ് വിത്ത് എസ്എച്ച്ഒ എന്ന സേവനം ലഭ്യമാക്കിയിട്ടുള്ളത്. എസ്എച്ച്ഒയെ കാണേണ്ട തീയതിയും സമയവും ആപ്പിലൂടെ തെരഞ്ഞെടുക്കാം.
ഇതിനു പുറമേ പുതിയ സ്ഥലങ്ങളിലേക്കു പോവുകയാണെങ്കില്‍ ആ സ്ഥലത്തെ പോലീസ് സ്റ്റേഷനും അനുബന്ധ വിവരങ്ങളും ടൂറിസ്റ്റ് ഗൈഡ് എന്ന സേവനത്തിലൂടെ ലഭ്യമാണ്. കൂടാതെ പിങ്ക്. പട്രോള്‍, അപരാജിത, ദിശ, സൈബര്‍ ക്രൈം ഹെല്പ് ലൈന്‍ തുടങ്ങിയ സേവനങ്ങളുടെ നമ്പറും ആപ്പില്‍ ലഭിക്കും.
എസ്ഒഎസ് ബട്ടണ്‍
എന്തെങ്കിലും അപകടകരമായ സാഹചര്യമുണ്ടായാൽ ആപ്പിലെ എസ്ഒഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നില്ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പോലീസ് കണ്ട്രോള് റൂമില്‍ ലഭിക്കും. ഉടന്‍ പോലീസ് സഹായം ലഭിക്കുകയും ചെയ്യും. പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന് ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്ഒഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം പ്രസ്തുത മൂന്നു നമ്പറിലേക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തും.
വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. ഉപയോഗിക്കുന്ന വ്യക്തി നില്ക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന് സൂചിപ്പിക്കാന്‍ ആപ്പിനു കഴിയും. കേരള പോലീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരുകളും ഇ- മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.
എസ്.ആർ. സുധീർ കുമാർ