‘ലെവൽ ക്രോസ്’ സിനിമാ പ്രമോഷന്റെ ഭാഗമായി നടി അമല പോൾ സ്വകാര്യ കോളജിലെ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. വി നെക്കിലുള്ള ഷോർട്ട് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം താരം ഡാൻസ് ചെയ്യുന്ന വിഡിയോയും വൈറലായിരുന്നു.
ഇപ്പോഴിതാ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന വിമർശനത്തിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമല പോൾ. താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ലെന്നും ചിലപ്പോൾ അത് കാമറയിൽ കാണിച്ച വിധമായിരിക്കും അനുചിതമായതെന്നും അമല പോൾ പറഞ്ഞു.
‘എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോൾ അത് കാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല.
പക്ഷേ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ ധരിച്ച വസ്ത്രത്തിന് ഒരു പ്രശ്നവും കണ്ടില്ല. നിങ്ങൾ നിങ്ങളായിരിക്കുക, നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യുക എന്ന സന്ദേശമാണ് കോളജിൽ പോകുമ്പോൾ എനിക്ക് നൽകുവാനുള്ളത്’–അമല പോളിന്റെ വാക്കുകളിങ്ങനെ.
ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന താരങ്ങളാകുന്ന ലെവൽ ക്രോസ് എന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി കൊച്ചിയിൽ വെച്ചുനടന്ന പ്രസ്മീറ്റിലാണ് താരം പ്രതികരിച്ചത്.