ന്യൂ ഹാംപ്ഷെയർ: ചെറുബോട്ടിൽ കടലിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവരെ കൂറ്റൻ തിമിംഗലം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായി. അമേരിക്കയിലെ ന്യൂ ഹാംപ്ഷെയറിലാണ് സംഭവം.
തിമിംഗലത്തിന്റെ ആക്രമണത്തിൽ ബോട്ട് തലകീഴായി മറിഞ്ഞെങ്കിലും ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ സമീപത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ജോർജ് പാക്വിറ്റ, റിലാൻഡ് കെന്നി എന്നിവരാണു രക്ഷപ്പെട്ടത്.
ചൂണ്ടയിട്ടു പിടിച്ചിരുന്ന ധാരാളം മത്സ്യങ്ങൾ ഇവരുടെ ബോട്ടിലുണ്ടായിരുന്നു. ബോട്ടിനടുത്തെത്തിയ ഭീമൻ തിമിംഗലം ആദ്യം അതിലുണ്ടായിരുന്ന ഏതാനും മത്സ്യങ്ങളെ എത്തിപ്പിടിച്ച് അകത്താക്കി. കൂടുതൽ മത്സ്യങ്ങളെ കണ്ടതോടെ 23 അടി നീളമുള്ള ബോട്ടിനെ തലകീഴായി മറിക്കുകയായിരുന്നു.
സമുദ്രനിരപ്പിൽനിന്നു തിമിംഗലം കുതിച്ചുയർന്ന് ബോട്ടിനു മേൽ വീഴുന്നതും തലകീഴായി ബോട്ട് മറിയുന്നതുമെല്ലാം മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ വീഡിയോയിൽ പകർത്തി. ബോട്ടിനോളം വലിപ്പമുള്ളതായിരുന്നു തിമിംഗലം. കടലിൽ വീണവരെ പെട്ടെന്നു രക്ഷിക്കാനായതിനാൽ ആളപായം സംഭവിച്ചില്ല. മറിഞ്ഞ ബോട്ടിനെ പിന്നീടു കെട്ടിവലിച്ച് കരയ്ക്ക് എത്തിച്ചു.
്